കൊല്ലം: ( www.truevisionnews.com) കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ സംഘർഷം. കൊല്ലം അമൃതുകുളങ്ങര ശ്രീകൃഷ്ണസ്വാമി ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റിന് തലയ്ക്ക് അടിയേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്കുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് രാത്രിയിലും സംഘർഷം രൂക്ഷമായതെന്ന് നാട്ടുകാർ പറയുന്നു . പരിക്കേറ്റ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് പോളയത്തോട് സ്വദേശി ജിജി എന്നയാളും ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പ്രകാശും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ രാത്രി ജിജിയുടെ നേതൃത്വലുള്ള സംഘം ക്ഷേത്ര പരിസരത്തെത്തി ആക്രമണം നടത്തിയെന്നാണ് പരാതി. ഇവർ പ്രകാശിന്റെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചെന്നും നാട്ടുകാർ പറയുന്നു. പരിക്കേറ്റ പ്രകാശിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിജിയും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തിൽ കൊല്ലം ഈസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി.
.gif)

കൊല്ലത്തെ ക്ഷേത്രോത്സവങ്ങളുമായി ബന്ധപ്പെട്ട് മുൻപും ചില സംഘർഷങ്ങളും വിവാദങ്ങളും ഉണ്ടായിരുന്നു. കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്രോത്സവ ഗാനമേളക്കിടെ ആർഎസ്എസ് ഗണഗീതം പാടിയത് വിവാദമായിരുന്നു. ഇതിൽ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
കടയ്ക്കൽ ദേവീ ക്ഷേത്രത്തിൽ സിപിഎം പാട്ടുകളും പതാകകളും ഉത്സവത്തിനിടെ പ്രദർശിപ്പിച്ചത് വിവാദമാകുകയും, കേരള ഹൈക്കോടതി ഇതിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ക്ഷേത്രങ്ങൾ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്നും ഭക്തിഗാനങ്ങൾ മാത്രമേ പാടാവൂ എന്നും കോടതി നിർദ്ദേശിച്ചിരുന്നു.
തട്ടാർകോണം കൽക്കുളം ശങ്കരനാരായണ ക്ഷേത്രത്തിൽ കെട്ടുകാഴ്ചയ്ക്കിടെയുണ്ടായ സംഘർഷത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ആറുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
Clashes during festival at temple in Kollam Temple committee president hit on head with hammer
