Jul 1, 2025 06:34 PM

വയനാട് : ( www.truevisionnews.com ) മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതർക്ക് 30 വീട് നിർമിച്ച് നൽകാമെന്ന് പറഞ്ഞ് സാമ്പത്തിക ദുരുപയോഗം നടത്തിയ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി.

വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് വീട് വെച്ച് നല്‍കാമെന്ന വാഗ്ദാനം പാലിച്ചില്ലെന്നും പിരിച്ചെടുത്ത ലക്ഷക്കണക്കിന് രൂപ ദുരുപയോഗം ചെയ്തു എന്നും പരാതിയില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ക്കെതിരെയാണ് പരാതി. കോലഞ്ചേരി സ്വദേശിനിയാണ് കൊച്ചി സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്.

നേരത്തെ ആലപ്പുഴയിലെ സംസ്ഥാന പഠന ക്യാമ്പിലെ ചര്‍ച്ചയിൽ യൂത്ത് കോണ്‍ഗ്രസ് ഭവന നിര്‍മാണ പദ്ധതി നടന്നില്ലെന്ന വിമർശനം ഉയർന്നിരുന്നു. വയനാട്ടിൽ വീടുകള്‍ നിര്‍മിക്കുന്നതിനായി ഒരു മണ്ഡലത്തിൽ നിന്ന് രണ്ടു ലക്ഷം രൂപ പിരിച്ചെടുക്കണമെന്നായിരുന്നു നിർദേശം.

പണം പിരിച്ചു തരാത്ത നിയോജക മണ്ഡലം പ്രസിഡൻ്റുമാരെ മാറ്റുമെന്നും നേതൃത്വം പറഞ്ഞിരുന്നുവെന്നും എന്നാൽ, ഭൂരിപക്ഷം കമ്മിറ്റികളും പണം നൽകിയിട്ടും വീടുപണി തുടങ്ങിയില്ലെന്നും ഇത് ആകെ നാണക്കേടായെന്നുമായിരുന്നു പ്രതിനിധികളുടെ വിമർശനം.

പിരിച്ചെടുക്കുന്ന തുകയും സ്പോൺസർഷിപ്പ് തുകയും ഉപയോഗിച്ച് 30 വീടുകൾ നിർമിക്കുമെന്നായിരുന്നു പ്രഖ്യാപനം. വയനാട്ടിൽ 20 വീടുകള്‍ ഡിവൈഎഫ്ഐ പൂർത്തിയാക്കിയിട്ടും യൂത്ത് കോൺഗ്രസിന് തുടങ്ങാൻ പോലുമായില്ലെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തിയിരുന്നു.

complaint against youthcongress leaders fraud promising provide houses wayanad disaster victim

Next TV

Top Stories










//Truevisionall