ചെന്നൈ: ( www.truevisionnews.com ) അടിയന്തര ഹൃദയ ചികിത്സയ്ക്കായി മൊറീഷ്യസിൽ നിന്നു ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെ, 8 ദിവസം പ്രായമുള്ള കുഞ്ഞിനു വിമാനത്തിൽ ദാരുണാന്ത്യം. മൊറീഷ്യസ് സ്വദേശികളായ മോനിഷ് കുമാറിന്റെയും പൂജയുടെയും മകളായ ലെഷ്ണയാണ് മരിച്ചത്.
മേയ് 26നു മൊറീഷ്യസിൽ ജനിച്ച ലെഷ്ണയെ ചെന്നൈയിൽ എത്തിച്ചാൽ രക്ഷപ്പെടുത്താമെന്ന പ്രതീക്ഷയിലായിരുന്നു മാതാപിതാക്കൾ. നന്ദംപാക്കത്തെ സ്വകാര്യ ആശുപത്രിയുമായി ബന്ധപ്പെട്ട് അത്യാധുനിക ചികിത്സയ്ക്കുള്ള ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു.
.gif)

തിങ്കളാഴ്ച വൈകിട്ടു ചെന്നൈയിലെത്തുന്ന എയർ മൊറീഷ്യസ് വിമാനത്തിൽ മെഡിക്കൽ അസിസ്റ്റന്റിനെയും ഒപ്പം കൂട്ടിയാണു കുഞ്ഞുമായി മാതാപിതാക്കൾ യാത്ര തിരിച്ചത്. എന്നാൽ, യാത്രാമധ്യേ കുട്ടിയുടെ ആരോഗ്യനില വഷളാകുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തക ജീവൻ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
പൈലറ്റ് ചെന്നൈയിലെ എയർ ട്രാഫിക് കൺട്രോളിൽ (എടിസി) വിവരമറിയിച്ചതിനെ തുടർന്ന് അടിയന്തര വൈദ്യ സഹായത്തിനുള്ള സജ്ജീകരണങ്ങൾ വിമാനത്താവളത്തിൽ ഒരുക്കുകയും ചെയ്തിരുന്നു. വിമാനം ചെന്നൈയിൽ ഇറങ്ങിയപ്പോഴേക്കും കുട്ടി മരിച്ചതായി അധികൃതർ പറഞ്ഞു. തുടർ നടപടികൾക്കായി കുട്ടിയുടെ മൃതദേഹം എഗ്‌മൂർ ഗവ. ആശുപത്രിയിലേക്ക് മാറ്റി.
Eight day old baby dies plane during journey for heart treatment
