ഇടുക്കി: (truevisionnews.com) ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ മരം വീണ് ഒരാൾ മരിച്ചു, 25 വീടുകള്‍ തകര്‍ന്നു. മെയ് 24 മുതല്‍ മെയ് 27 ഉച്ചയ്ക്ക് 12 വരെയുള്ള കണക്കാണിത്. ഇതില്‍ 24 വീടുകള്‍ ഭാഗികമായും ഒരെണ്ണം പൂര്‍ണമായും തകര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 12 വീടുകളാണ് തകര്‍ന്നത്.
ഉടുമ്പന്‍ചോല താലൂക്കില്‍ 12 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നു. ദേവികുളം താലൂക്കില്‍ അഞ്ച് വീടുകളും തൊടുപുഴ താലൂക്കില്‍ ആറെണ്ണവും ഇടുക്കി താലൂക്കില്‍ ഒരു വീടും ഭാഗികമായി തകര്‍ന്നു. ഒരാള്‍ക്ക് ജീവഹാനി സംഭവിച്ചു. മരം വീണ് മരണം സംഭവിച്ചത് ഉടുമ്പന്‍ചോല താലൂക്കിലാണ്.
.gif)
അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ വ്യാഴം വെള്ളി (29,30) ദിവസങ്ങളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച (31) മഞ്ഞ അലര്‍ട്ടാണ്. ജില്ലയില്‍ ഇതേ വരെ ഒരു ദുരിതാശ്വാസ ക്യാമ്പാണ് തുറന്നിട്ടുള്ളത്. 89 മില്ലി മീറ്റര്‍ മഴയാണ് ജില്ലയില്‍ പെയ്തത്.
മൂന്നാര്‍ മൗണ്ട് കാര്‍മ്മല്‍ പാരീഷ് ഹാളില്‍ തുറന്ന ദുരിതാശ്വാസ ക്യാമ്പില്‍ നാല് കുടുംബങ്ങളിലെ 17 പേരെ മാറ്റിപാര്‍പ്പിച്ചു. ഇതില്‍ മൂന്നു കുട്ടികളും 10 സ്ത്രീകളുമുണ്ട്. ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ആശങ്കപ്പെടേണ്ട സാഹചര്യത്തിലല്ല. 2333.62 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. മുല്ലപ്പെരിയാറില്‍ 118.1 അടിയാണ് ജലനിരപ്പ്.
Heavy rains 25 houses destroyed Idukki
