തൃശ്ശൂർ: ( www.truevisionnews.com ) പെരിങ്ങൽകുത്ത് ഡാമിൽ ജലനിരപ്പ് ഉയർന്ന് 420.35 മീറ്റർ ആയതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയിൽ നീരൊഴുക്ക് വർദ്ധിച്ചതിനെ തുടർന്നാണ് ഡാമിലെ ജലനിരപ്പ് ഉയർന്നത്. ഡാമിന്റെ പരമാവധി സംഭരണശേഷി 424 മീറ്റർ ആണ്.
അതേസമയം, സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. തൃശ്ശൂർ, മലപ്പുറം, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, വയനാട്, കോട്ടയം, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്.
.gif)
ബംഗാൾ ഉൾക്കടലിന് മുകളിലായി ഇന്ന് മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Water level rises Peringalkuthu Dam red alert declared
