(truevisionnews.com) വ്യാജ മോഷണ കേസില്‍പെടുത്തി ദളിത് യുവതിയെ പൊലീസ് മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പേരൂര്‍ക്കടപൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഉന്തും തള്ളും. സമരക്കാര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കാന്‍ ശ്രമിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്. പോലീസ് പിന്തിരിഞ്ഞതോടെ സമരക്കാരില്‍ ചിലര്‍ പൊലീസ് സ്റ്റേഷന്റെ മതില്‍ ചാടിക്കടന്നു. ഇവരെ കസ്റ്റഡിയിലെടുത്തതോടെ പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചു. കസ്റ്റഡിയില്‍ എടുത്തവരെ പൊലീസ് മോചിപ്പിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.

എഐസിസി അംഗം ബിന്ദു കൃഷ്ണ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ദളിത് സ്ത്രീക്ക് നേരെയുള്ള മാനസിക പീഡനം പിണറായി സര്‍ക്കാരിന്റെ ദളിത് വിരുദ്ധതയുടെ ഉദാഹരണമാണെന്ന് ബിന്ദു കൃഷ്ണ കുറ്റപ്പെടുത്തി. ബിന്ദുവിനെതിരെ വ്യാജ പരാതി നല്‍കിയ സ്ത്രീക്കെതിരെ കേസെടുക്കണമെന്നും ബിന്ദുവിന് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് സ്വര്‍ണ മാല മോഷ്ടിച്ചെന്നാരോപിച്ച് വീട്ടുടമ നല്‍കിയ പരാതിയിലാണ് പൊലീസ് ദളിത് യുവതിയെ കസ്റ്റഡിയിലെടുത്ത് മാനസികമായി പീഡിപ്പിച്ചത്. 20 മണിക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തിയെന്നും കുടിവെള്ളം പോലും നല്‍കിയില്ലെന്നുമാണ് യുവതിയുടെ ആരോപണം. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടുകയും കേസ് ഡിവൈഎസ്പി അന്വേഷിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. പൊലീസ് പീഡനത്തിന് ഇരയായ വീട്ടുജോലിക്കാരിയുടെ മൊഴി വനിതാ അഭിഭാഷകയുടെ സാന്നിധ്യത്തിലെടുക്കണമെന്നും മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
police mentally harassing a Dalit woman BindhuKrishna
