കണ്ണൂർ : ( www.truevisionnews.com ) കണ്ണൂരിൽ ആർത്ത് പെയ്ത് മഴ. പാനൂരിൽ കനത്ത മഴയെ തുടർന്ന് വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം ഇരച്ചെത്തി. കൂത്ത്പറമ്പ് റോഡിലെ വ്യാപാര സ്ഥാപനങ്ങളിലേക്കാണ് വെള്ളം ഇരച്ചെത്തിയത്. മണിക്കൂറുകളായി ഇപ്പോഴും മഴ തുടരുകയാണ്. പല കടകളും അടച്ചിട്ടിരിക്കുകയാണ്.

സെലക്ഷൻ ബുക്ക് & സ്റ്റേഷനറി, ന്യൂ സ്റ്റാർ വീഡിയോസ് എന്നിവയുൾപ്പടെ ആറോളം കടകളിൽ വെള്ളം കയറി നാശനഷ്ടമുണ്ടായിയിട്ടുണ്ട്. ഓവുചാൽ വൃത്തിയാക്കുന്നതുൾപ്പടെയുള്ള മഴക്കാലപൂർവ ശുചീകരണം നടത്താത്തതാണ് ഇപ്പോഴത്തെ ദുരവസ്ഥക്ക് കാരണമെന്ന് വ്യാപാരികൾ പറയുന്നു.
അതേസമയം കേരളത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കാലവർഷത്തോടനുബന്ധിച്ച് ഇന്ന് മുതൽ 3 ദിവസത്തേക്കാണ് നിലവിൽ അതിശക്ത മഴ മുന്നറിയിപ്പ്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്കു പടിഞ്ഞാറൻ ഉൾക്കടലിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടുകഴിഞ്ഞു.
ഈ സാഹചര്യത്തിൽ അറബിക്കടലിൽ ന്യുനമർദ്ദ സാധ്യത ശക്തമായതോടെയാണ് കേരളത്തിൽ അതിശക്ത മഴ മുന്നറിയിപ്പ്. ഇതിന്‍റെ ഭാഗമായി വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലും നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
heavyrain rain alert kannur panoor
