കോഴിക്കോട്: ( www.truevisionnews.com) കഴിഞ്ഞ ദിവസം പുതിയ സ്റ്റാൻഡിലുണ്ടായ തീപിടിത്തത്തിൽ കേസെടുത്ത് പൊലീസ്. എട്ടുകോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് എഫ്ഐആറിൽ പറയുന്നു. അതേസമയം, സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തുമെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ് അറിയിച്ചു. ഇന്ന് സ്റ്റിയറിങ്ങ് കമ്മിറ്റി ചേർന്ന് സംഭവം വിലയിരുത്തുമെന്നും തീപിടിത്തിന്റെ കാരണം വിശദമായി പരിശോധിക്കുമെന്നും മേയർ അറിയിച്ചു.

കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചുമണിയോടെയാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിന് സമീപമുളള വസ്ത്രവ്യാപാര ശാലയിൽ തീപിടിത്തമുണ്ടായത്. കട തുറന്നുപ്രവർത്തിച്ചിരുന്നു. നിരവധിയാളുകൾ കെട്ടിടത്തിലുണ്ടായിരുന്നു. തീപടരാൻ തുടങ്ങിയതോടെ എല്ലാവരെയും ഒഴിപ്പിക്കുകയായിരുന്നു. ഒന്നാം നിലയിലും രണ്ടാം നിലയിലും മുഴുവൻ തീ പടർന്നു.
സ്കൂൾ തുറക്കൽ പ്രമാണിച്ച് യൂണിഫോം തുണിത്തരങ്ങളും മറ്റ് വസ്ത്രങ്ങളും വലിയ തോതിൽ സംഭരിച്ചിരുന്നു. കെട്ടിടത്തിനകത്തുളള വസ്ത്രങ്ങൾ കത്തി താഴേക്ക് വീണു. തീ മണിക്കൂറുകളോളം കത്തിയതോടെ നഗരത്തിൽ മുഴുവൻ കറുത്ത പുക പടർന്നു. നഗരത്തിൽ ഗതാഗതക്കുരുക്കും ഉണ്ടായി. അതേസമയം, തീപിടിത്തത്തിൽ ആർക്കും പരിക്കേറ്റില്ല എന്നതും ആശ്വാസമായി.
തീപിടിത്തമുണ്ടായി അഞ്ചുമണിക്കൂർ കഴിഞ്ഞാണ് തീ നിയന്ത്രണവിധേയമാക്കാനായത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുളള പ്രത്യേക ഫയർ എഞ്ചിനടക്കം സ്ഥലത്തെത്തിച്ചിരുന്നു. ഇതുൾപ്പെടെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ 14 യൂണിറ്റ് ഫയർഫോഴ്‌സ് സംഭവസ്ഥലത്തെത്തിയിരുന്നു.
police have registered case kozhikode fire attack
