തിരുവനന്തപുരം: ( www.truevisionnews.com ) വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച സീനിയർ അഭിഭാഷകൻ ബെയ്‌ലിന്‍ ദാസിനെതിരെ പൊലീസ് ചുമത്തിയത് ദുർബല വകുപ്പുകളെന്ന് ആക്ഷേപം. പരാതിക്കാരിയായ അഭിഭാഷകയുടെ കവിളിൽ രണ്ടുതവണ അടിച്ചു എന്നതിനപ്പുറത്തേക്കുള്ള ഗുരുതരമായ വകുപ്പുകൾ എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടില്ല.

പ്രതിയിൽ നിന്ന് നേരത്തെയും ഇത്തരത്തിൽ അനുഭവം ഉണ്ടായിട്ടുണ്ടെന്ന പരാതിക്കാരുടെ മൊഴിയും പോലീസ് ഗൗരവത്തിൽ എടുത്തിട്ടില്ലെന്നാണ് എഫ്ഐആറിൽ നിന്ന് വ്യക്തമാകുന്നത്. സംഭവത്തിന് പിന്നാലെ പ്രതി ബെയ്‌ലിന്‍ ദാസ് ഒളിവിലാണ്.
ശ്യാമിലിയുടെ ഇടതു കവിളിൽ രണ്ടു തവണ ബെയ്‌ലിന്‍ അതിക്രൂരമായി അടിച്ചു പരിക്കേൽപ്പിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമമായിട്ടും പ്രതിക്കെതിരെ പൊലീസ് ചുമത്തിയത് ദുർബല വകുപ്പുകളാണ്. സ്ത്രീകൾക്കെതിരായ അതിക്രമം ഉൾപ്പെട്ട ഭാരതീയ ന്യായ സംഗീതയിലെ വകുപ്പ് 74നപ്പുറം ചുമത്തിയ മറ്റ് രണ്ടു വകുപ്പുകളും അങ്ങേയറ്റം ദുർബലം.
നേരത്തെയും സമാന രീതിയിലുള്ള അനുഭവം സീനിയർ അഭിഭാഷകനിൽ നിന്ന് ഉണ്ടായെന്ന ജൂനിയർ അഭിഭാഷകയുടെ ആരോപണവും പൊലീസ് കണക്കിലെടുത്തിട്ടില്ല. ഇന്നലെ രാത്രിയോടുകൂടിയാണ് വഞ്ചിയൂർ പൊലീസ് ജൂനിയർ അഭിഭാഷകയിൽ നിന്ന് മൊഴി രേഖപ്പെടുത്തിയ ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
പ്രതി ബെയ്‌ലിന്‍ ദാസ് ഇപ്പോഴും ഒളിവിലാണ്. ഇടതു കവിളിൽ രണ്ടു തവണ അടിയേറ്റ ശാമിലിക്ക് സംസാരിക്കുന്നതിനടക്കം പ്രയാസമുണ്ട്. വിദഗ്ധ ചികിത്സയ്ക്ക് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്ന് നിർദേശം നൽകിയെങ്കിലും പാല് കുടിക്കുന്ന കുഞ്ഞുള്ളതിനാൽ വീട്ടിലേക്ക് വന്ന ശ്യാമിലി ഇന്ന് വിദഗ്ധ ചികിത്സ തേടിയേക്കും.
പ്രതി ബെയിലിൻ ദാസനെതിരെ സമാനമായ രീതിയിലുള്ള കുറ്റകൃത്യ ആരോപണങ്ങൾ നേരത്തെയും ഉയർന്നിട്ടുണ്ട് എന്നാണ് വിവരം. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെക്കുറിച്ച് പൊലീസിന് ഇതുവരെ സൂചനകൾ ഒന്നുമില്ല. പൊലീസിന് പുറമേ വനിതാ കമ്മീഷനും സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. നിയമപരമായ നടപടികൾക്കപ്പുറം കൂടുതൽ പ്രതികരണത്തിന് ഇല്ല എന്നാണ് ജൂനിയർ അഭിഭാഷകയുടെ നിലപാട്.
junior lawyer assaulted by senioraccused bailin das absconding
