ഫറോക്ക്: (truevisionnews.com) ദമ്പതികളെ ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ ചോദ്യം ചെയ്ത കൗൺസിലർക്ക് ക്രൂരമർദ്ദനം. ഫറോക്ക് നഗരസഭ കൗൺസിലർ പി.കെ. അബ്ദുൽ സലാമിനാണ് (45) ആക്രമണത്തിൽ കണ്ണിനു പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി പത്തുമണിക്ക് കഷായപ്പടിക്കടുത്ത അത്തം വളവ് കുറ്റിപ്പാലത്താണ് സംഭവം. ഭാര്യവീട്ടിൽനിന്ന് ഭർതൃവീട്ടിലേക്ക് പോകുകയായിരുന്ന ദമ്പതികളെ ലഹരിയിൽ വന്ന യുവാവ് ആക്രമിച്ചതിനെ തുടർന്ന് പ്രദേശത്തെ കൗൺസിലറായ അബ്ദുൽ സലാമിനെ വിവരം അറിയിക്കുകയും സംഭവം അന്വേഷിച്ചെത്തിയ അദ്ദേഹത്തെ യുവാവ് ആക്രമിക്കുകയുമായിരുന്നുവെന്നാണ് കൗൺസിലർ പൊലീസിൽ നൽകിയ മൊഴി.

ആക്രമണത്തിൽ കണ്ണിനു പരിക്കേറ്റ കൗൺസിലറെ താലൂക്ക് ആശുപത്രിയിലും പിന്നീട് കോംട്രസ്റ്റ് ആശുപത്രിയിലും ചികിത്സക്ക് വിധേയനാക്കി. കൗൺസിലറെ മർദ്ദിച്ച നല്ലൂർ സ്വദേശി അക്ഷയിനെതിരെ കേസെടുത്തതായി ഫറോക്ക് എസ്.ഐ ആർ.എസ്. വിനയൻ അറിയിച്ചു. കൗൺസിലർക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഫറോക്ക് മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു.
ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രസിഡന്റ് അഡ്വ. കെ.എം. ഹനീഫ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. മൊയ്തീൻ കോയ, മമ്മു വേങ്ങാട്, സകരിയ കാട്ടുങ്ങൽ, സലാം മാട്ടുമ്മൽ, എം. ബാകിർ, കെ. നാസർ, ഷംസീർ പാണ്ടികശാല എന്നിവർ സംസാരിച്ചു.
Councilor brutally beaten questioning young man who tried attack couple.
