May 6, 2025 07:38 PM

(truevisionnews.com) പൂരനഗരിയെ വർണപ്പകിട്ടാക്കി കുടമാറ്റം.  പാറമേക്കാവ് തിരുവമ്പാടി വിഭാഗങ്ങള്‍ തെക്കോട്ടിറങ്ങി നേര്‍ക്കുനേര്‍ നിന്നതോടെ കുടമാറ്റം ആരംഭിച്ചു. ആദ്യം പുറത്തേക്കിറങ്ങിയത് പാറമേക്കാവാണ്. പിന്നാലെ തിരുവമ്പാടിയും ഇറങ്ങിയതോടെ ആവേശ വിസ്മയത്തിന്റെ വിരുന്ന് ഒരുങ്ങി. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ 15 ഗജവീരന്‍മാര്‍ ഇരുഭാഗങ്ങളിലായി നിരന്നു.

അതേസമയം, കര്‍ണപുടങ്ങളില്‍ കുളിര്‍മഴ പെയ്യിച്ചാണ് ഇലഞ്ഞിത്തറയില്‍ മേളം പെയ്തിറങ്ങിയത്. കിഴക്കൂട്ട് അനിയന്‍മാരാരും സംഘവും ഒരുക്കിയ പാറമേക്കാവിന്റെ മേളക്കാഴ്ച പൂരാവേശത്തിന്റെ പാരമ്യം നല്‍കി. ഇലഞ്ഞിത്തറയില്‍ പതികാലം തുടങ്ങി. കൊമ്പും കുഴലും ഇലത്താളവും ചെണ്ടകളും ചേര്‍ന്നു.

മേളത്തിന്റെ കയറ്റിറക്കങ്ങളില്‍ ആള്‍ക്കൂട്ടം ആര്‍പ്പുവിളിച്ചു, വിരലുകള്‍ വീശിച്ചുഴറ്റി. ഒടുവില്‍ കലാശം. കിഴക്കൂട്ട് അനിയന്‍ മാരാരും നാനൂറിലേറെ വരുന്ന കൂട്ടരുമൊരുക്കിയ നാദവിസ്മയം. പാണ്ടി മേളത്തിന്റെ നിറ താളം. മനംനിറച്ച വിരുന്ന്. ഇനി വിണ്ണിലെ വിസ്മയത്തിനായി കാത്തിരിപ്പ്. പുലര്‍ച്ചെ തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ വെടിക്കെട്ട് നടക്കും.


thrissur pooram kudamattam

Next TV

Top Stories










Entertainment News