ദില്ലി: (truevisionnews.com) പഹൽഗം ഭീകരാക്രമണം നടത്തിയ ഭീകരരെ സഹായിക്കുന്നവർക്കെതിരെയുള്ള നടപടികൾ കടുപ്പിച്ച് ജമ്മു കശ്മീർ പൊലീസ്. ഇതുവരെ 2800 പേരെ കസ്റ്റഡിയിലെടുത്തെന്ന് കശ്മീർ ഐജി വികെ ബിർദി അറിയിച്ചു. കൂടാതെ 90 പേർക്കെതിരെ പി എസ് എ നിയമപ്രകാരം കേസെടുത്തു. സംസ്ഥാന വ്യാപകമായി തെരച്ചിൽ നടപടികൾ തുടരുകയാണെന്നും ഐജി അറിയിച്ചു. സെൻസിറ്റീവ് മേഖലകളിൽ സുരക്ഷാ വിന്യാസം ശക്തമാക്കി. ജനങ്ങളുമായി പരമാവധി സഹകരിച്ചാണ് നടപടികളെന്നും ഉന്നത ഉദ്യോഗസ്ഥർ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കശ്മീരിൽ ഭീകരർക്കായി 14-ാം ദിവസവും തെരച്ചിൽ തുടരുകയാണ്. അനന്ത്നാഗ് മേഖലയിലാണ് തെരച്ചിൽ. അതിർത്തിയിൽ ശക്തമായ സുരക്ഷാ വിന്യാസവും തുടരുന്നു. പാകിസ്ഥാൻ നിരന്തരം വെടിനിർത്തൽ കരാർ ലംഘിക്കുന്നതിനാൽ നിയന്ത്രണ രേഖയിലും ശക്തമായ സുരക്ഷാ വിന്യാസമുണ്ട്. ഇതിനിടെ ഇന്ത്യൻ കരസേന, അടിയന്തര സാഹചര്യം നേരിടാനുള്ള മോക്ക് ഡ്രിൽ നടത്തി. പഞ്ചാബിലെ ഫിറോസ് പൂരിലാണ് ലൈറ്റുകൾ എല്ലാം അണച്ച് കരസേന ബ്ലാക്ക് ഔട്ട് ഡ്രിൽ നടത്തിയത്. അതേസമയം നിലവിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഐക്യരാഷ്ട്രസഭ രക്ഷാസമിതി യോഗം ചേരണമെന്ന് പാകിസ്ഥാൻ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര രക്ഷാസമിതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്ന് പാക് വിദേശകാര്യ മന്ത്രി ഇഷാക് ദർ വ്യക്തമാക്കി.
പാകിസ്ഥാന് ചുട്ട മറുപടി നൽകുമെന്ന് ആവർത്തിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന് രാജ്യം ആഗ്രഹിക്കുന്ന തിരിച്ചടി ഉണ്ടാകുമെന്നും അതിർത്തി കാക്കുന്ന സൈനികൾക്ക് പൂർണ പിന്തുണയെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി.
Pahalgam terror attack Jammu and Kashmir Police tightens action against those who help terrorists
