കോഴിക്കോട് : (truevisionnews.com) കോഴിക്കോട് മേപ്പയ്യൂരില്‍ പതിനെട്ടുകാരനെ ആളുമാറി പിടികൂടി പൊലീസ് മര്‍ദ്ദിച്ച് കര്‍ണപുടം തകര്‍ത്തെന്ന് പരാതി. ചെറുവണ്ണൂര്‍ സ്വദേശി ആദിലിനാണ് പരിക്കേറ്റത്. മര്‍ദ്ദനത്തില്‍ വലതു ചെവിയുടെ കേള്‍വി ശക്തിക്കാണ് തകരാര്‍ സംഭവിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മേപ്പയൂര്‍ ടൗണില്‍ പൊലീസ് സ്റ്റേഷന് സമീപത്തെ ഓണ്‍ലൈന്‍ സേവാ കേന്ദ്രത്തില്‍ നില്‍ക്കുന്ന സമയത്താണ് മഫ്ത്തിയിലെത്തിയ കളമശേരി പൊലീസ് ആദിലിനെ പിടികൂടി സ്റ്റേഷന് അകത്തു കൊണ്ടുപോയി മര്‍ദ്ദിച്ചത്. ആള് മാറിയെന്ന് അറിഞ്ഞതോടെ ക്ഷമ ചോദിച്ച് പൊലീസുകാര്‍ ആദിലിനെ വിട്ടയച്ചു. മേപ്പയ്യൂര്‍ സ്വദേശി സൗരവിനെ കളമശ്ശേരിയില്‍ വെച്ച് ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട കേസില്‍ പ്രതിയെ തേടിയെത്തിയതായിരുന്നു പൊലീസ് സംഘം.
കേസിലെ പ്രതിയായ മേപ്പയൂര്‍ സ്വദേശി ഹാഷിറും അദില്‍ ഉണ്ടായിരുന്ന സമയത്ത് ഓണ്‍ലൈന്‍ സേവാ കേന്ദ്രത്തില്‍ എത്തിയതാണ് പൊലീസിന് സംശയത്തിന് ഇട നല്‍കിയത്. നടപടി ആവശ്യപ്പെട്ട് ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും മേപ്പയ്യൂര്‍ പൊലീസിന്നും ആദില്‍ പരാതി നല്‍കി.
Youth files complaint after police beat him up broke his eardrum
