(truevisionnews.com) മണിക്കൂറുകളോളം മൊബൈൽ ഗെയിമിന് മുന്നിലിരുന്ന പത്തൊമ്പതുകാരൻ നട്ടെല്ല് വളഞ്ഞ് ഗുരുതരാവസ്ഥയിൽ. ഡൽഹിയിൽ നിന്നുള്ള ആൺകുട്ടിക്കാണ് ഗെയിമിങ് അഡിക്ഷൻ മൂലം നട്ടെല്ലിന് പരിക്കും ഭാഗികമായ തളർച്ചയും അനുഭവപ്പെട്ട് നടക്കാൻ പറ്റാത്ത അവസ്ഥയിലുള്ളത്.

പബ്ജി എന്ന ഗെയിമിന് അഡിക്റ്റായിരുന്ന കുട്ടി മണിക്കൂറുകളോളം മുറിക്കു പുറത്തിറങ്ങാതെ ഗെയിമിൽ മാത്രമായിരുന്നു ശ്രദ്ധ. ക്രമേണ നട്ടെല്ല് വളയുകയും മൂത്രസഞ്ചിയുടെ നിയന്ത്രണം നഷ്ടമാവാൻ തുടങ്ങുകയും ചെയ്തു. സുഷുമ്നാ നാഡിക്ക് സമ്മർദം കൂടിയതിന്റെ ഫലമാണിതെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഒരുവർഷത്തിനുശേഷം തിരിച്ചറിയപ്പെടാതെ കിടന്ന സ്പൈനൽ ട്യൂബർകുലോസിസ് സ്ഥിരീകരിക്കുകയും ഇതുമൂലം സ്ഥിതി വഷളാവുകയും ചെയ്തു.
ആശുപത്രിയിലെത്തിയ സമയത്ത് നടക്കാനോ മൂത്രമൊഴിക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു. ഇന്ത്യൻ സ്പൈനൽ ഇൻജുറീസ് സെന്ററിലെ ഡോക്ടർമാരുടെ പരിശോധനയിലാണ് നട്ടെല്ലിന് ഗുരുതര പരിക്കാണെന്നും കൈഫോ സ്കോളിയോസിസ് എന്ന അവസ്ഥയായി പരിണമിച്ചതെന്നും തിരിച്ചറിഞ്ഞത്..
ട്യൂബർകുലോസിസും ഗെയിമിങ് മൂലം നട്ടെല്ലിനുണ്ടായ രൂപമാറ്റവും ചേർന്നപ്പോൾ ചികിത്സ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് ഐഎസ്ഐസിയിലെ സ്പൈൻ വിഭാഗം മേധാവി ഡോ. വികാസ് ടൻഡൻ പറഞ്ഞു. നട്ടെല്ലിന്റെ ആകൃതി ശരിയാക്കാനും ഇംപ്ലാന്റ്സ് വച്ച് അതിനെ സ്ഥിരപ്പെടുത്താനുമുള്ള സർജറി ചെയ്തു. സർജറി ചെയ്ത് ദിവസങ്ങൾക്കുള്ളിൽ കുട്ടിയുടെ ആരോഗ്യാവസ്ഥ ഭേദപ്പെടാനും തുടങ്ങി.
മൂത്രസഞ്ചിയുടെ നിയന്ത്രണം തിരികെ ലഭിക്കുകയും നടക്കാൻ തുടങ്ങുകയും ചെയ്തു. സുഷുമ്നാ നാഡിക്കുണ്ടായ സമ്മർദം കുറഞ്ഞതിന്റെ ലക്ഷണങ്ങളാണ് ഇവയെന്ന് ഡോക്ടർമാർ വ്യക്തമാക്കി. സ്ക്രീൻ ഉപയോഗം അമിതമായതിനേത്തുടർന്ന് അസ്ഥി-സന്ധി സംബന്ധമായ ആരോഗ്യപ്രശ്നങ്ങളുമായി എത്തുന്ന കൗമാരക്കാരുടെ എണ്ണം കൂടുകയാണെന്നും ഡോ. വികാസ് പറഞ്ഞു. കുട്ടികൾക്കിടയിലെ സ്ക്രീൻ ഉപയോഗം കുറച്ചുകൊണ്ടുവന്ന് മറ്റു ശാരീരിക വ്യായാമങ്ങൾക്ക് ശ്രദ്ധ നൽകണമെന്നും വിദഗ്ധർ പറയുന്നു.
nineteen year old boy addicted mobile phone games serious health problem his spine.
