കോഴിക്കോട്: (truevisionnews.com) കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ നിന്നും പുക ഉയർന്ന സംഭവത്തിൽ മൂന്ന് പേരുടെ മരണ കാരണം പുക ശ്വസിച്ചിട്ടല്ലെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. വെസ്റ്റ് ഹിൽ സ്വദേശി ഗോപാലൻ, വടകര സ്വദേശി സുരേന്ദ്രൻ, മേപ്പയൂർ സ്വദേശി ഗംഗാധരൻ എന്നിവരുടെ മരണകാരണം പുക ശ്വസിച്ചല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇവരുടെ ആന്തരികാവയവങ്ങൾ കൂടുതൽ പരിശോധനയ്ക്ക് അയക്കും. മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിലെ തീപിടിത്തത്തിൽ സാങ്കേതികമായ അന്വേഷണം ആരംഭിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു. പല വിഭാഗങ്ങളും പ്രാഥമിക റിപ്പോർട്ടുകൾ സമർപ്പിച്ചുവെന്നും അന്തിമ റിപ്പോർട്ട് വന്നാൽ മാത്രമേ കാര്യങ്ങൾ കൂടുതൽ വ്യക്തമാവുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു.
ഷോർട്ട് സർക്യൂട്ട് അല്ലെങ്കിൽ ബാറ്ററി തകരാറാകാം അപകടകാരണം എന്നാണ് പ്രാഥമിക റിപ്പോർട്ട് എന്നും മന്ത്രി പറഞ്ഞു. എംആർഐ മെഷീനിന്റെ യുപിഎസിന് 2026 വരെ വാറൻ്റിയുണ്ട്. ഏജൻസി കൃത്യമായ മെയിൻ്റനൻസ് നടത്തിയിട്ടുണ്ട്. ഇതുവരെ തകരാറുകൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
151 രോഗികളാണ് തീപിടിത്ത സമയത്ത് കാഷ്വാലിറ്റിയിൽ ഉണ്ടായിരുന്നത്. ഇതിൽ 114 പേർ മെഡിക്കൽ കോളേജിൽ തന്നെ തുടർചികിത്സ തേടുകയാണ്. 37 പേരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയെന്നും മന്ത്രി പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ നിന്ന് പുക ഉയർന്നത്. ഉടൻ തന്നെ ഫയർഫോഴ്‌സ് സ്ഥലത്തെത്തി രോഗികളെ ഒഴിപ്പിച്ചു.
Kozhikode Medical College accident Smoke not cause death three people
