പയ്യന്നൂർ: ( www.truevisionnews.com ) കൈതപ്രത്തെ പ്രാദേശിക ബി.ജെ.പി നേതാവ് കെ.കെ. രാധാകൃഷ്ണനെ വെടിവെച്ചു കൊന്ന കേസില്‍ മഹിളാമോർച്ചാ നേതാവായ ഭാര്യ മിനി നമ്പ്യാർ അറസ്റ്റിലായതിൽ പ്രതികരണവുമായി യുവമോർച്ച കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി ലസിത പാലക്കൽ. മിനി നമ്പ്യാരുടെ തനി സ്വഭാവം ഇതാണ് എന്ന് അറിയില്ലായിരുന്നുവെന്നും രാധാകൃഷ്ണേട്ടന് നീതി കിട്ടിയെന്നും ലസിത ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

അറസ്റ്റിലായ മിനി നമ്പ്യാരും ലസിത പാലക്കലും ഉറ്റ സുഹൃത്തുക്കളായിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ‘സുഹൃത്തായിരുന്നു, ഒരു വർഷം മുന്നെ വരെ’ എന്നാണ് ലസിതയുടെ മറുപടി. ‘എന്തൊരു ജന്മം ഇവളൊക്കെ. കഷ്ടം. തനി സ്വഭാവം ഇതാണ് എന്ന് അറിയില്ലായിരുന്നു ..... രാധാകൃഷ്ണേട്ടന് നീതി കിട്ടി’ എന്നാണ് അറസ്റ്റിലായ വാർത്ത പങ്കുവെച്ച് ലസിത പാലക്കൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.
കഴിഞ്ഞ മാസം 20നാണ് കൈതപ്രത്ത് ഓട്ടോ ഡ്രൈവറും ബി.ജെ.പി നേതാവുമായിരുന്ന രാധാകൃഷ്ണൻ വെടിയേറ്റ് മരിച്ചത്. സംഭവത്തിൽ പിടിയിലായ മൂന്നാംപ്രതിയും കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ ഭാര്യയുമായ മാതമംഗലം പുനിയംകോട് മണിയറ റോഡിലെ വടക്കേടത്തുവീട്ടിൽ മിനി നമ്പ്യാരെ (42) പയ്യന്നൂർ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
രാധാകൃഷ്ണനെ കൊലപ്പെടുത്താൻ ഒന്നാം പ്രതി സന്തോഷുമായി മിനി ഗൂഢാലോചന നടത്തിയെന്നാണ് കണ്ടെത്തൽ. സന്തോഷിനെയും തോക്ക് നൽകിയ സജോ ജോസഫിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ മിനി ബി.ജെ.പി മുൻ ജില്ല കമ്മിറ്റിയംഗമായിരുന്നു.
കൈതപ്രത്തെ നിർമാണം നടക്കുന്ന വീട്ടിൽ വെച്ചാണ് രാധാകൃഷ്ണനെ വെടിവെച്ചു കൊന്നത്. മിനിയുമായുള്ള സൗഹൃദം എതിർത്തതിന്റെ പക കാരണമാണ് രാധാകൃഷ്ണനെ സന്തോഷ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. സഹപാഠികളായിരുന്ന സന്തോഷും മിനിയും ഒരു പൂർവ വിദ്യാർഥി സംഗമത്തിലൂടെയാണ് വീണ്ടും കണ്ടുമുട്ടുന്നതും അടുപ്പത്തിലാവുന്നതും. രാധാകൃഷ്ണന്റെ വീട് നിർമാണത്തിന് സഹായിയായി എത്തിയ സന്തോഷ് മിനിയോട് കൂടുതൽ ഇടപഴകാൻ തുടങ്ങിയതോടെ രാധാകൃഷ്ണൻ എതിർത്തു.
സന്തോഷ് തിരിച്ച് ഭീഷണിപ്പെടുത്തിയതോടെ രാധാകൃഷ്ണൻ പൊലീസിൽ പരാതിയും നൽകിയിരുന്നു. ഇതിനിടെയാണ് രാധാകൃഷ്ണൻ കൊല്ലപ്പെടുന്നത്. ഒന്നാംപ്രതി എന്‍.കെ. സന്തോഷുമായുള്ള ഫോണ്‍ സംഭാഷണങ്ങളും വാട്സ്ആപ് ചാറ്റുകളുമടക്കമുള്ള ഡിജിറ്റൽ തെളിവുകളാണ് മിനി നമ്പ്യാർക്ക് കുരുക്ക് മുറുക്കിയത്.
കൊലപാതകത്തിന്റെ ഗൂഢാലോചനകളില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ തെളിവുകളെന്ന് പൊലീസ് പറയുന്നു. മിനി നമ്പ്യാർ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചില്ലെങ്കിലും ശാസ്ത്രീയ തെളിവുകൾ എതിരാവുകയായിരുന്നു. രാധാകൃഷ്ണന് വെടിയേറ്റ് മരിക്കുന്നതിന് അരമണിക്കൂര്‍ മുമ്പും അതിനുശേഷവും സന്തോഷുമായി മിനി നമ്പ്യാര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.
കൊലക്കുശേഷം പ്രതി മിനി താമസിക്കുന്ന വാടകവീടിനു സമീപം എത്തിയതായും പറയുന്നു. ഇതുസംബന്ധിച്ച ശാസ്ത്രീയമായ അന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കി കൊലപാതക ഗൂഢാലോചനയിൽ ഇവരുടെ പങ്ക് ഉറപ്പിച്ച ശേഷമാണ് ചൊവ്വാഴ്ച ഉച്ചക്ക് മിനി നമ്പ്യാരെ ചോദ്യം ചെയ്യാൻ പരിയാരം പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.
തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വെടിവെക്കാന്‍ തോക്ക് നല്കിയ പെരുമ്പടവ് സ്വദേശി സിജോ ജോസഫാണ് രണ്ടാം പ്രതി.
lasitha palakkal against mini nambiar
