കൊച്ചി: ( www.truevisionnews.com ) ലഹരിയുപയോഗവും അനാശാസ്യവും വ്യാപകമാണെന്ന പരാതിയെ തുടർന്ന് സ്പാകളിൽ പരിശോധന ശക്തമാക്കി. കൊച്ചി നഗരത്തിലടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന സ്പാകളടക്കമുളള കേന്ദ്രങ്ങളിലാണ് നിയമ വിരുദ്ധ പ്രവർത്തനങ്ങൾ വ്യാപകമാണെന്ന പരാതിയുയർന്നത്.

ബുധനാഴ്ച വൈകിട്ട് വൈറ്റിലയിലെ സ്പായിൽ പരിശോധനക്കെത്തിയ പൊലീസ് 11 സ്ത്രീകളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവിടെ സ്പായുടെ മറവിൽ ലഹരിയുപയോഗം നടക്കുന്നുവെന്ന പരാതിയുയർന്നതോടെയാണ് ഡാൻസഫ് സംഘം പരിശോധനക്കെത്തിയത്. എന്നാൽ കണ്ടെത്തിയതാകട്ടെ വൻ അനാശാസ്യ കേന്ദ്രമായിരുന്നു.
നിയമ വിരുദ്ധ സ്പാകൾ നിരവധി
നിയമ വിരുദ്ധമായി ഡസൻകണക്കിന് സ്പാകളാണ് ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലായി പ്രവർത്തിക്കുന്നതെന്നാണ് പൊലീസുദ്യോഗസ്ഥർ പറയുന്നത്. നിയമപരമായ യാതൊരു പിൻബലവുമായാണ് ഇവകളുടെ പ്രവർത്തനം. വഴിയോരങ്ങളിലെ മതിലുകളിലും ഇലക്ട്രിക് പോസ്റ്റുകളിലും പോസ്റ്ററുകളും ബാനറുകളുമെല്ലാം സ്ഥാപിച്ചാണ് ഇവർ ഇടപാടുകാരെ തേടുന്നത്.
ഇതിൽ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകൾ വഴിയാണ് ഇടപാടുകൾ ഉറപ്പിക്കുന്നത്.സ്റ്റാർ ഹോട്ടലുകൾ മുതൽ സാദാ കെട്ടിടങ്ങളിൽ വരെ മണിക്കൂറിന് തുക നിശ്ചയിച്ചാണ് ഇവരുടെ പ്രവർത്തനം.
ലഹരിയുടെ ഹബ്ബായി സ്പാകൾ
ലഹരിക്കെതിരെ പൊലീസും എക്സൈസും പരിശോധന വ്യാപകമാക്കിയതോടെ സ്പാകൾ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനമെന്നാണ് പൊലീസ് വിലയിരുത്തൽ. കൂണുപോലെ മുളച്ചുപൊന്തിയ ഇത്തരം സ്ഥാപനങ്ങളിൽ പരിശോധനയുണ്ടാവില്ലെന്ന ധാരണയിലാണ് ലഹരിമാഫിയയുടെ നീക്കം.
ഇതേ കുറിച്ച് സൂചന ലഭിച്ചതിനെ തുടർന്നാണ് നഗരത്തിലെ ചില സ്പാകൾ കേന്ദ്രീകരിച്ച് പൊലീസ് നിരീക്ഷണം ശക്തമാക്കിയത്. ഇതിൻറെ ഭാഗമായി വൈറ്റിലയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ പ്രവർത്തിക്കുന്ന സ്പായിൽ ലഹരി പരിശോധനക്കെത്തിയ ഡാൻസഫ് സംഘമാണ് അനാശാസ്യ കേന്ദ്രം കണ്ടെത്തിയത്.
പരിശോധന ശക്തമാക്കാൻ ഉദ്യോഗസ്ഥർ
സ്പാകളിലെ നിയമ വിരുദ്ധ പ്രവൃത്തികൾക്കെതിരെ നടപടികൾ കർക്കശമാക്കാനാണ് ഉദ്യോഗസ്ഥ തീരുമാനം. ഇതിൻറെ ഭാഗമായി നിയമവിരുദ്ധ കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കും. ഏതാനും ചില സ്ഥാപനങ്ങൾ ഇതിനോടകം തന്നെ നിരീക്ഷണത്തിലുണ്ടെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
ഇതേ സമയം പരിശോധനകളും തുടർ നടപടികളും പ്രഹസനമാകുന്നതാണ് ഇത്തരം സ്ഥാപനങ്ങൾക്ക് തുണയാകുന്നതെന്ന ആക്ഷേപവും ശക്തമാണ്. ചില പൊലീസുദ്യോഗസ്ഥർക്ക് തന്നെ ഇത്തരം സ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
Drug use and immorality Police intensify inspections focusing spas
