തിരുവനന്തപുരം: ( www.truevisionnews.com ) കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാര്‍ഥി ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വിധി പറയുന്നത് മേയ് ആറിലേക്കു മാറ്റി. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണു വിധി പറയുക. തിരുവനന്തപുരം പൂവച്ചല്‍ പുളിങ്കോട് 'ഭൂമിക' വീട്ടില്‍ പ്രിയരഞ്ജനാണ് കേസിലെ പ്രതി.

പൂവച്ചല്‍ സ്വദേശികളായ അരുണ്‍കുമാറിന്റെയും ദീപയുടെയും മകനായ ആദിശേഖറിനെ (15) പ്രിയരഞ്ജന്‍ മനപ്പൂർവം കാറിടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. പൂവച്ചല്‍ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്റെ മതിലില്‍ പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചതിനെ ആദിശേഖര്‍ ചോദ്യം ചെയ്തിരുന്നു.
ഇതേ തുടർന്നുണ്ടായ വൈരാഗ്യത്തില്‍ 2023 ഓഗസ്റ്റ് 30ന് ആദിശേഖറിനെ സുഹൃത്തുക്കള്‍ക്കു മുന്നില്‍ വച്ചാണ് പ്രിയരഞ്ജന്‍ കാറിടിപ്പിച്ചത്. ക്ഷേത്രത്തിനു സമീപത്തെ റോഡില്‍ സൈക്കിളില്‍ കയറാന്‍ ശ്രമിക്കുകയായിരുന്ന ആദിശേഖറിനെ കാറിലെത്തിയ പ്രതി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
അലക്ഷ്യമായി വാഹനമോടിച്ചതിനാണു പ്രിയരഞ്ജനെതിരെ ആദ്യം കേസെടുത്തത്. കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ മൊഴിയും സിസിടിവി ദൃശ്യങ്ങളുമാണു ആസൂത്രിത കൊലപാതകമാണെന്നു തിരിച്ചറിയാന്‍ കാരണമായത്. സംഭവത്തിനു ശേഷം കാര്‍ ഉപേക്ഷിച്ചു കുടുംബവുമായി തമിഴ്‌നാട്ടിലേക്ക് കടന്ന പ്രിയരഞ്ജനെ കാട്ടാക്കട സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഡി.ഷിബുകുമാറിന്റെ നേതൃത്വത്തിലാണു കന്യാകുമാരി കുഴിത്തുറയില്‍നിന്ന് അറസ്റ്റ് ചെയ്തത്.
സംഭവം നടന്നു രണ്ടാം ദിവസം വിദേശത്തുനിന്നു നാട്ടിലെത്തിയ ഭാര്യയ്‌ക്കൊപ്പം പ്രിയരഞ്ജന്‍ ആദ്യം മൈസൂരുവിലും പിന്നീട് തമിഴ്‌നാട്ടിലുമായിരുന്നു. കേരള–തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ അരുമന, ദേവിയോട് പ്രദേശങ്ങളിലായിരുന്നു താമസം. സംഭവം നടന്നു 12-ാം ദിവസമായിരുന്നു അറസ്റ്റ്. കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്നു കണ്ടെത്തിയതായി പൊലീസ് കോടതിയില്‍ അറിയിച്ചിരുന്നു.
അതേസമയം, ഭാര്യ വിദേശത്ത് ജോലി ചെയ്യുകയാണെന്നും അവരുമായി ഫോണില്‍ സംസാരിച്ചുകൊണ്ട് കാര്‍ മുന്നോട്ടെടുത്തപ്പോള്‍ സൈക്കിളില്‍ ഇടിച്ചതാണെന്നുമായിരുന്നു പ്രിയരഞ്ജന്റെ വാദം. പുതിയ ഇലക്ട്രിക് കാറായിരുന്നതിനാല്‍ പരിചയക്കുറവുമുണ്ടായിരുന്നു. തനിക്കെതിരെ കൊലപാതകക്കുറ്റം നിലനില്‍ക്കില്ലെന്നും ഹര്‍ജിയില്‍ വാദിച്ചിരുന്നു.
Case tenth class student killed by car after being questioned about urinating temple wall verdict postponed May six
