കൊല്ലം: (truevisionnews.com) കൊല്ലം പൂയപ്പള്ളിയില്‍ ഭാര്യയെ സ്ത്രീധനത്തിന്റെ പേരില്‍ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ. കരുനാഗപ്പള്ളി സ്വദേശിനി തുഷാരയുടെ മരണത്തില്‍ ഭര്‍ത്താവ് ചന്തുലാലിനും അമ്മ ഗീത ലാലിയ്ക്കുമാണ് കൊല്ലം അഡീഷണല്‍ ജില്ലാ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. സ്ത്രീധനത്തിന്റെ പേരിലായിരുന്നു 28കാരിയായ തുഷാരയെ പ്രതികള്‍ ക്രൂരമായി കൊലപ്പെടുത്തിയത്.

2013ലായിരുന്നു കരുനാഗപ്പിള്ളി സ്വദേശി തുഷാരയുടെയും പൂയപ്പള്ളി ചാരുവിള വീട്ടില്‍ ചന്തുലാലിന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതല്‍ തുഷാരയ്ക്ക് ക്രൂരപീഡനമായിരുന്നു ഭര്‍ത്താവിന്റെയും ഭര്‍തൃകുടുംബത്തിന്റെയും ഭാഗത്തുനിന്ന് സ്ത്രീധനത്തിന്റെ പേരില്‍ നേരിടേണ്ടി വന്നത്. സ്വന്തം അച്ഛനെയും അമ്മയെയും കാണാന്‍ പോലും അവള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. വീട്ടുകാരുമായുള്ള ബന്ധം പൂര്‍ണമായി നിരസിക്കപ്പെട്ടു.
രണ്ട് പെണ്‍കുട്ടികളാണ് തുഷാരയ്ക്കുണ്ടായിരുന്നത്. അവരെ സ്‌നേഹിക്കാന്‍ പോലും അനുവദിക്കാതെ, ഭക്ഷണം നല്‍കാതെ, പുറത്തിറങ്ങാന്‍ അനുവദിക്കാതെ അവളാ വീട്ടില്‍ തളയ്ക്കപ്പെട്ടു. തുഷാരയുടെ വീട്ടുകാര്‍ക്കും കുട്ടികളെ കാണാന്‍ അനുവാദമുണ്ടായിരുന്നില്ല.
തുഷാരയുടെ മകളെ നഴ്‌സറിയില്‍ ചേര്‍ത്തപ്പോള്‍ അധ്യാപിക അമ്മയെ അഭാവത്തെ കുറിച്ച് അന്വേഷിച്ചു. കുട്ടിയുടെ അമ്മ കിടപ്പുരോഗിയാണെന്നായിരുന്നു പ്രതികള്‍ നല്‍കിയ മറുപടി. മാത്രമല്ല രണ്ടാം പ്രതിയായ ഗീതയുടെ (ചന്തുലാലിന്റെ അമ്മ) പേരാണ് അമ്മയുടെ പേരായി നഴ്‌സറിയില്‍ ഉള്‍പ്പടെ പറഞ്ഞിരുന്നത്.
അഞ്ചര വര്‍ഷം നീണ്ട ശാരീരികവും മാനസികവുമായ പീഡനത്തിനൊടുവില്‍ തുഷാര മരണത്തിന് കീഴടങ്ങി. 2019 മാര്‍ച്ച് 21-ന് രാത്രിയാണ് തുഷാരയുടെ മരണവിവരം പുറംലോകം അറിയുന്നത്. വിവരം അറിഞ്ഞ് ആശുപത്രിയില്‍ എത്തിയ തുഷാരയുടെ അച്ഛനും അമ്മയും സഹോദരനും ഉള്‍പ്പടെയുള്ള ബന്ധുക്കള്‍ കണ്ടത് തുഷാരയുടെ ശോഷിച്ച മൃതദേഹമാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. തുഷാരയുടെ അമാശയത്തില്‍ ഭക്ഷണത്തിന്റെ അംശം പോലും ഉണ്ടായിരുന്നില്ല. 27-ാം വയസില്‍ അവളുടെ ഭാരം വെറും 21 കിലോഗ്രാമായിരുന്നു. വയര്‍ ഒട്ടി വാരിയെല്ല് തെളിഞ്ഞ നിലയിലായിരുന്നു.
രോഗിയായ തുഷാര ഭക്ഷണം കഴിച്ചിരുന്നില്ലെന്നാണ് ചന്തുലാല്‍ പൊലീസിനോട് പറഞ്ഞത്. ഇതില്‍ സംശയം തോന്നിയ പൊലീസ് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ക്രൂരകൊലപാതകത്തിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. ശാസ്ത്രീയ തെളിവുകളും അയല്‍ക്കാരടെയും തുഷാരയുടെ മൂന്നരവയസുള്ള മകളുടെയും അധ്യാപികയുടെയും ഉള്‍പ്പടെ മൊഴികള്‍ പ്രതികള്‍ക്ക് നേരെ വിരല്‍ചൂണ്ടുന്നതായിരുന്നു.
തുഷാരയെ ഭര്‍ത്താവ് ചന്തുലാലും അമ്മ ഗീത ലാലിയും ചേര്‍ന്ന് പട്ടിണിക്കിട്ട് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. ഭര്‍ത്താവും ഭര്‍തൃമാതാവും തുഷാരയെ സ്ഥിരം മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് സമീപവാസികള്‍ അന്ന് പൊലീസിനോടും മാധ്യമങ്ങളോടും പറഞ്ഞത്. പഞ്ചസാര വെള്ളവും കുതിര്‍ത്ത അരിയും മാത്രമാണ് തുഷാരയ്ക്ക് നല്‍കിയിരുന്നതെന്നും മുറിയില്‍ പൂട്ടിയിടുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.
കേസില്‍ ചന്തുലാലും ഗീതയും കുറ്റക്കാരാണെന്ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത് കഴിഞ്ഞ ദിവസമാണ്. ജഡ്ജി എസ് സുഭാഷാണ് ഇരുവരും കുറ്റക്കാരെന്ന് വിധിച്ചത്. ഇന്ത്യയില്‍ തന്നെ ഇത്തരം കേസ് ആദ്യ സംഭവമായിരിക്കുമെന്നാണ് കോടതി നിരീക്ഷിച്ചത്.
Life imprisonment Thushara murder case
