കോഴിക്കോട്: ( www.truevisionnews.com ) കൊടുവള്ളിയിൽ ആക്രമണം നടത്തിയ ഗുണ്ടാസംഘത്തെ പൊലീസ് പിടികൂടിയത് സിനിമാ സ്റ്റൈലിൽ അതിസാഹസികമായി. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ജീപ്പിന് നേരെയും പ്രതികൾ സ്ഫോടക വസ്തു എറിഞ്ഞു. കാർ റിവേഴ്സ് എടുത്ത് പൊലീസ് ജീപ്പിനെ ഇടിപ്പിച്ചു.

ചമ്പാട്ട് മുക്ക് എന്ന സ്ഥലത്ത് വെച്ചാണ് പ്രതികൾ കാർ ഉപേക്ഷിച്ചത്. പൊലീസുകാരെയും പ്രതികൾ ആക്രമിച്ചു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. ആക്രമണത്തിൽ പൊലീസ് ജീപ്പിന് ഒന്നേകാൽ ലക്ഷം രൂപ നഷ്ടം വന്നെന്നും എഫ്ഐആർ പറയുന്നു. ഇന്നലെ അറസ്റ്റിലായ ആട് ഷമീർ, അസീസ്, അജ്മൽ എന്നിവർ റിമാൻഡിലാണ്.
പ്രതികൾക്കെതിരെ ബിഎൻഎസ് വകുപ്പുകൾക്കൊപ്പം എക്സ്പ്ലോസീവ് ആക്ട്, പൊതുമുതൽ നശിപ്പിക്കൽ വകുപ്പുകളും ചുമത്തി. ഇന്നലെയാണ് കൊടുവള്ളിയിൽ വിവാഹസംഘത്തിന് നേരെ ആക്രമണം ഉണ്ടായത്. വിവാഹ സംഘം സഞ്ചരിച്ച ബസിന് നേർക്ക് പടക്കമെറിഞ്ഞാണ് പ്രതികൾ ആക്രമണം നടത്തിയത്.
പുറത്തിറങ്ങിയവരെ ക്രൂരമായി മർദിച്ചു. ബസ് ഉരസിയതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. പ്രതികള്ക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കൊടുവള്ളിയിൽ ഇവർക്കെതിരെ മുമ്പ് വധശ്രമത്തിനും കേസുണ്ട്.
ഗതാഗത തടസം ഉണ്ടാക്കിയെന്ന് പറഞ്ഞ് ബസ് ജീവനക്കാരെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമിച്ച ആട് ഷമീറിന്റെ നേതൃത്വത്തിലുള്ള കൊട്ടേഷൻ സംഘം എന്തിന് വേണ്ടിയാണ് പ്രദേശത്ത് എത്തിയത് എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.
Very adventurous Incident attacking wedding party Kozhikode firecrackers Gang caught movie style
