ദില്ലി: ( www.truevisionnews.com ) പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ- പാക് അതിർത്തി അടച്ചതോടെ വെട്ടിലായിരിക്കുകയാണ് ഇന്ത്യൻ വരനും പാകിസ്ഥാൻകാരിയായ വധുവും. ബുധനാഴ്ച്ച പാക്കിസ്ഥാനിലെ അമർകോട്ടിൽ വിവാഹം നടത്താനായിരുന്നു ഉദ്ദേശിച്ചിരുന്നത്.

വിവാഹത്തിനായി വാദ്യമേളവുമായി പുറപ്പെട്ട വരനും സംഘവും നിലവിൽ അട്ടാരി അതിർത്തിയിൽ കുടുങ്ങിക്കിടക്കുകയാണ്. ജയ്പൂരിലെ ശൈത്താൻ സിങ്ങും പാകിസ്ഥാൻകാരി വധു കേസർ കന്വറിനും തമ്മിലുള്ള വിവാഹമാണ് അനിശ്ചിതത്വത്തിൽ തുടരുന്നത്.
കഷ്ടപ്പെട്ടാണ് വിവാഹാവശ്യത്തിനായി പോകാൻ ശൈത്താനും വീട്ടുകാർക്കും പാകിസ്ഥാനിലേക്കുള്ള വിസയടക്കം സംഘടിപ്പിച്ചത്. എന്നാൽ വിവാഹത്തിനുള്ള തീയതിയുമെടുത്ത് പോകാനൊരുങ്ങവേ അട്ടാരി അതിർത്തി അടയ്ക്കുകയായിരുന്നു. അതേ സമയം മെയ് 12 വരെയാണ് വിസയ്ക്കുള്ള കാലാവധിയുള്ളത്.
ഇതിനു മുൻപേ അതിർത്തി തുറന്നാൽ അപ്പോൾ വിവാഹം നടത്താമെന്ന പ്രതീക്ഷയിലാണ് ഇരു കുടുംബങ്ങളും. അതിർത്തി അടച്ചതോടെ വിവാഹത്തിനായി വരന്റെ അടുത്ത ബന്ധുക്കൾക്കൊപ്പമിറങ്ങിയ മറ്റു കൂട്ടുകാരും ബന്ധുക്കളും തിരിച്ചു പോകുമെന്ന അവസ്ഥയിലാണ്.
പാകിസ്ഥാനിൽ ഇന്ത്യൻ വിസകൾ റദ്ദാക്കിയ സാഹചര്യത്തിൽ പാകിസ്ഥാനിൽ നിന്നും 3 ദിവസത്തിനുള്ളിൽ ഇന്ത്യയിലേക്ക് തിരിച്ചെത്തിയത് 450 ലേറെ പേരെന്ന് കണക്കുകൾ. വാഗാ അതിർത്തി വഴി മടങ്ങിയവരുടെ കണക്കുകളാണിത്. ഇത് കൂടാതെ, പാക് വ്യോമപാതയടച്ച പശ്ചാത്തലത്തില്‍ വിമാന കമ്പനികൾക്കും മാധ്യമങ്ങള്‍ക്കും മാര്‍ഗനിര്‍ദ്ദേശവുമായി കേന്ദ്രം.
വിമാനകമ്പനികൾ റൂട്ടുകളിലെ മാറ്റം യാത്രക്കാരെ കൃത്യമായി അറിയിക്കണമോന്ന് വ്യോമയാന മന്ത്രാലയം നിർദേശിച്ചു. സ്റ്റോപ്പുകളെ കുറിച്ച് മുന്‍കൂട്ടി വിവരം നല്‍കണമെന്നും വൈദ്യസഹായം ഉറപ്പ് വരുത്തണമെന്നും മതിയായ ആഹാരവും വെള്ളവും കരുതണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു.
മാധ്യമങ്ങൾക്ക് വാര്‍ത്താ വിതരണ മന്ത്രാലയവും മാർഗരേഖ പുറത്തിറക്കി. ഊഹാപോഹങ്ങള്‍ ഔദ്യോഗിക വിവരങ്ങളെന്ന പേരില്‍ പ്രചരിപ്പിക്കരുത്. ദേശീയ സുരക്ഷയും താല്‍പര്യവും മുന്‍നിര്‍ത്തി വാർത്തകൾ നൽകണമെന്നും, ഭീകര വിരുദ്ധ ഓപ്പറേഷന്‍റെ ലൈവ് ദൃശ്യങ്ങളോ വിവരണങ്ങളോ നല്‍കരുതെന്നും മാധ്യമങ്ങൾക്ക് നിർദേശം നൽകി.
indian groom waiting india pakistan borders open wedding bride pakistan
