വത്തിക്കാന്‍ സിറ്റി: (truevisionnews.com) ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ഒരുങ്ങി ലോകം. സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് മാർപാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ മേരി മേജർ ബസിലിക്കയിലെത്തിച്ച് അടക്കം ചെയ്യും. സംസ്കാരച്ചടങ്ങിൽ ലോകനേതാക്കളും പതിനായിരക്കണക്കിനു വിശ്വാസികളും പങ്കെടുക്കും.

വിശുദ്ധ പത്രോസിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സെന്‍റ് പീറ്റേഴ്സ‌് ബസിലിക്കയിലാണ് മുൻ മാർപാപ്പമാരിൽ ഭൂരിഭാഗം പേരും അന്ത്യ വിശ്രമം കൊള്ളുന്നത്. എന്നാൽ തനിക്ക് അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്‍റ് മേരി മേജർ ബസിലിക്കയിലായിരിക്കണമെന്നാണ് മാർപാപ്പ മരണപത്രത്തിൽ പറഞ്ഞിരുന്നത്. ഇതനുസരിച്ചാണ് ഭൗതികശരീരം അവിടെ അടക്കം ചെയ്യാൻ തീരുമാനിച്ചത്.
കര്‍ദിനാള്‍ കോളേജിന്റെ ഡീൻ കർദ്ദിനാൾ ജിയോവന്നി ബാറ്റിസ്റ്റ റീ ദിവ്യബലിക്ക് നേതൃത്വം നൽകും. സംസ്കാര ചടങ്ങുകൾക്ക് ശേഷം, മാർപാപ്പയുടെ മൃതദേഹമുള്ളപ്പെട്ടി സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കും തുടർന്ന് സെന്റ് മേരി മേജർ ബസിലിക്കയിലേക്കും സംസ്‌കാരത്തിനായി കൊണ്ടുപോകും.തന്റെ വിവിധങ്ങളായ അപ്പസ്തോലിക യാത്രയുടെ മുന്‍പും ശേഷവും ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിക്കുന്ന കേന്ദ്രമായിരിന്നു മേരി മേജർ ബസിലിക്ക.
റോമിലെ മേരി മേജർ ബസിലിക്കയിലെ പൗളിന് ചാപ്പലിനും ഫോർസ് ചാപ്പലിനും നടുവിലായിട്ടാകണം തനിക്ക് ശവകുടീരമൊരുക്കേണ്ടതെന്നു പാപ്പ നേരത്തെ എഴുതിയിരിന്നു. ക്രിസ്‌തു ശിഷ്യന്‍റെ ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ലെന്നും ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതിയെന്നും മാർപാപ്പയുടെ മരണപത്രത്തിൽ പറഞ്ഞിരുന്നു.
അതേസമമയം, ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ 130 രാജ്യങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര പ്രതിനിധികൾ പങ്കെടുക്കുമെന്ന് വത്തിക്കാന്റെ പ്രോട്ടോക്കോൾ ഓഫീസ് അറിയിച്ചു. ഇതിൽ ഏകദേശം 50 രാഷ്ട്രത്തലവന്മാരും 10 രാജ കുടുംബങ്ങളില്‍ നിന്നുള്ളവരും ഉൾപ്പെടുന്നു.
ലോകമെമ്പാടുമുള്ള സമൂഹത്തെ സ്വാധീനിച്ച പാപ്പയോടുള്ള ആദരവിന്റെ ഭാഗമായാണ് ഇത്രയും അധികം ലോക നേതാക്കള്‍ ഒരുമിച്ച് എത്തുന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്, ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപദി മുർമു, ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണി, ബ്രസീൽ പ്രസിഡൻ്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ, അർജൻ്റീന പ്രസിഡൻ്റ് ജാവിയർ മിലി, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് എന്നിവര്‍ ഉള്‍പ്പെടെയുള്ള വത്തിക്കാനില്‍ നടക്കുന്ന സംസ്കാര കര്‍മ്മങ്ങളില്‍ സംബന്ധിക്കും.
രണ്ടാഴ്ച മുൻപ് ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച ചാൾസ് രാജാവിനെ പ്രതിനിധീകരിച്ച് മകൻ വില്യം രാജകുമാരൻ സംസ്കാരത്തിൽ സംബന്ധിക്കും. സ്പെയിനിലെ രാജാവ് ഫെലിപ്പ് ആറാമൻ, രാജ്‌ഞി ലെറ്റിസിയ, ബെൽജിയത്തിലെ രാജാവ് ഫിലിപ്പ്, രാജ്‌ഞി മാത്തിൽഡെ എന്നിവരും വിവിധ രാഷ്ട്ര തലവന്മാരും മന്ത്രി സഭാംഗങ്ങളും സംസ്‌കാര ശുശ്രൂഷയിൽ പങ്കെടുക്കും.
യൂറോപ്യൻ കമ്മീഷൻ പ്രസിഡൻ്റ് ഉർസുല വോൺ ഡെർ ലെയ്ൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡൻ്റ് അൻറോണിയോ കോസ്റ്റ, യൂറോപ്യൻ പാർലമെൻ്റ് പ്രസിഡൻ്റ് റോബർട്ട മെറ്റ്സോള എന്നിവർ യൂറോപ്യൻ യൂണിയനെ പ്രതിനിധീകരിച്ചു സംസ്കാര ശുശ്രൂഷയില്‍ സംബന്ധിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
#Popefrancis #funeral #afternoon #StMaryMajorBasilica
