വെഞ്ഞാറമൂട് : (truevisionnews.com) എല്ലാവരും ഏറെ സന്തോഷത്തോടെ പങ്കെടുത്ത ഉല്ലാസയാത്രയിൽ ഒപ്പമുണ്ടായിരുന്ന ഒരാൾ തീവണ്ടിയിടിച്ച് മരിച്ചതിന്റെ ആഘാതത്തിലാണ് ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച സൗഹൃദക്കൂട്ടായ്മയിലെ സഹയാത്രികർ ഇപ്പോൾ.

ആലിയാട് ഷാജി ഭവനിൽ മോഹനകുമാരൻ നായർ (78) ആണ് ശനിയാഴ്ച വൈകീട്ട് 5.30-ഓടെ കൊച്ചുവേളിക്ക് സമീപം റെയിൽവേ പാളത്തിൽ തീവണ്ടിയിടിച്ചു മരിച്ചത്.
വീടുകളിൽ ഒതുങ്ങിക്കഴിയുന്ന മുതിർന്ന പൗരന്മാരുടെ മാനസികാരോഗ്യം വർദ്ധിപ്പിക്കുന്നതിനു വേണ്ടിയാണ് മാണിക്കൽ ഗ്രാമപ്പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ വയോജന സൗഹൃദക്കൂട്ടായ്മ യാത്ര സംഘടിപ്പിച്ചത്. പഞ്ചായത്തിലെ വാർഡ് അംഗങ്ങളും 60 വയസ്സ് കഴിഞ്ഞ നൂറോളം പേരടങ്ങുന്ന സംഘമാണ് ബജറ്റ് ടൂറിസം പദ്ധതിപ്രകാരം രണ്ടു കെഎസ്ആർടിസി ബസുകളിൽ ശനിയാഴ്ച യാത്ര തിരിച്ചത്.
രാവിലെ 10-ന് തിരുവനന്തപുരത്തെ മൃഗശാലയിൽ എത്തിയ സംഘം വൈകീട്ടോടെയാണ് വേളി ടൂറിസ്റ്റ് വില്ലേജിൽ എത്തിയത്. സംഘം പാർക്കിൽ നിന്നും കടൽത്തീരത്തേക്ക് പോകുന്നതിനിടെ മോഹനകുമാരൻ നായർ കടയിൽ പോകുന്നതിനായി പുറത്തേക്കു പോകുകയായിരുന്നു.
തുടർന്ന് ഇവിടെ സ്ഥലങ്ങൾ കണ്ട ശേഷം എല്ലാവരും ബസിൽക്കയറി ഇരിക്കുന്നതിനിടെ പരിശോധിക്കുമ്പോഴാണ് മോഹനകുമാരൻ നായരെ കാണാതാകുന്നത്. കൂടെയുള്ളവർ അന്വേഷിക്കുന്നതിനിടെയാണ് ഇവിടെനിന്നു കുറച്ചകലെയായി റെയിൽവേ പാതയിൽ മോഹനകുമാരൻ നായരെ തീവണ്ടിയിടിച്ചു മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് യാത്ര പൂർത്തിയാക്കാതെ സംഘം മടങ്ങുകയായിരുന്നു. കഴിഞ്ഞ 16-ന് മാണിക്കൽ വില്ലേജ് പ്രദേശത്തെ ആദ്യത്തെ 10 വാർഡുകളിൽനിന്നുമായി 69 വയോധികരെ വിനോദയാത്രയ്ക്ക് കൊണ്ടുപോയിരുന്നു. രണ്ടാം ഘട്ടമായാണ് കോലിയക്കോട് വില്ലേജിന്റെ പ്രദേശത്തെ അഞ്ചു വാർഡുകളിൽനിന്ന് നൂറോളം പേർ യാത്ര പോയത്.
#person #DEAD #TRAIN #ACCIDENT #picnic
