ന്യൂഡൽഹി: (www.truevisionnews.com) ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് രാഷ്ട്രീയ പ്രമുഖരും മതമേലധ്യക്ഷന്മാരും. കാരുണ്യത്തിന്റെയും വിനയത്തിന്റെയും ദീപമായി മാർപാപ്പയെ ലോകമെമ്പാടുമുള്ളവർ ഓർമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

അസമത്വത്തിനെതിരെ നിർഭയമായി സംസാരിച്ച വ്യക്തിയാണ് ഫ്രാൻസിസ് മാർപാപ്പയെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി:
‘‘ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ വളരെയധികം വേദനിക്കുന്നു. വേദനയുടെ ഈ മണിക്കൂറിൽ ആഗോള കത്തോലിക്കാ സഭയെ എന്റെ അനുശോചനം അറിയിക്കുന്നു.
കാരുണ്യത്തിന്റെയും വിനയത്തിന്റെയും പ്രതീകമായി മാർപാപ്പയെ ലോകമെമ്പാടുമുള്ളവർ ഓർമിക്കും. ഏറ്റവും പാവപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടി അദ്ദേഹം സേവനം ചെയ്തു.
പ്രതിസന്ധി നേരിടുന്നവർക്കു മുൻപിൽ പ്രതീക്ഷയുടെ വെട്ടമായി. മാർപാപ്പയുമായി നടത്തിയ കൂടിക്കാഴ്ചകളെക്കുറച്ച് സ്നഹേത്തോടെ ഓർക്കുന്നു. ഇന്ത്യക്കാരോട് അദ്ദേഹത്തിനുണ്ടായിരുന്ന സ്നേഹം എല്ലായിപ്പോഴും ഓർമിക്കപ്പെടും. ദൈവത്തിന്റെ കരുണയിൽ അദ്ദേഹത്തിന് ആത്മശാന്തി ലഭിക്കട്ടെ.’’
രാഹുൽ ഗാന്ധി:
‘‘കാരുണ്യത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും ആഗോള ശബ്ദമായ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ഞാൻ അഗാധമായി ദുഃഖിക്കുന്നു. അദ്ദേഹം അടിച്ചമർത്തപ്പെട്ടവരുടെയും അരികുവൽക്കരിക്കപ്പെട്ടവരുടെയും കൂടെ നിന്നു, അസമത്വത്തിനെതിരെ നിർഭയമായി സംസാരിച്ചു,
സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും സന്ദേശത്തിലൂടെ വിവിധ മതങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചു. ഇന്ത്യയിലും ലോകമെമ്പാടുമുള്ള കത്തോലിക്കാ സമൂഹത്തോടൊപ്പമാണ് എന്റെ ചിന്തകൾ.’’
#beacon #compassion #humility #Modi #Rahul #express #condolences #demise #PopeFrancis
