പാട്ന: (www.truevisionnews.com) ബിഹാറിലെ ദർഭംഗയിൽ മരിച്ചെന്ന് കരുതിയ ആൺകുട്ടി 70 ദിവസത്തിനുശേഷം സുരക്ഷിനായി വീട്ടിൽ തിരിച്ചെത്തി. നേരത്തെ കുട്ടി മരിച്ചതായി കണക്കാക്കുകയും സംസ്‌കാരം നടത്തുകയും ചെയ്തിരുന്നു.

2025 ഫെബ്രുവരി എട്ടിനാണ് കുട്ടിയെ വീട്ടിൽ നിന്നും കാണാതായത്. തുടർന്ന് കുട്ടിയുടെ ബന്ധുക്കൾ ലോക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം 45,000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് മാതാപിതാക്കൾക്ക് ഒരു ഫോൺ കോൾ ലഭിച്ചതായി പൊലീസ് പറഞ്ഞു.
എന്നാൽ കുടുംബം 5,000 രൂപയാണ് കൈമാറിയത്. ഇതിന് ശേഷം ഫെബ്രുവരി 28 ന് ഒരു ആൺകുട്ടിയെ ഗുരുതരമായി പരിക്കേറ്റ നിലയിൽ റെയിൽവെ ട്രാക്കിൽ നിന്നും കണ്ടെടുത്തിരുന്നു. ആളുകൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും ചികിത്സയിലിരിക്കവെ മാർച്ച് ഒന്നിന് കുട്ടി മരിച്ചു.
പരാതി നിലനിൽക്കുന്നതിനാൽ കാണാതായ കുട്ടിയുടെ മാതാപിതാക്കളെയും മൃതദേഹം തിരിച്ചറിയാൻ വിളിച്ചുവരുത്തിയിരുന്നു. എന്നാൽ കുടുംബം സംശയം പ്രകടിപ്പിച്ചതോടെ ഡിഎൻഎ പരിശോധനയ്ക്ക് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ പൊലീസ് സമ്മർദ്ദം ചെലുത്തി ഡിഎൻഎ പരിശോധനയ്ക്കുള്ള അപേക്ഷ പിൻവലിപ്പിച്ചു. മൃതദേഹം കാണാതായ മകന്റേതാണെന്ന് അംഗീകരിക്കാൻ പൊലീസ് സമ്മർദ്ദം ചെലുത്തിയതായി കുടുംബം ആരോപിക്കുന്നു. ഈ സംഭവം ദർഭംഗയിൽ വൻ പ്രതിഷേധത്തിന് കാരണമായിരുന്നു.
മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. തുടർന്ന് അശ്രദ്ധ ആരോപിച്ച് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലെ അന്നത്തെ എസ്എച്ച്ഒയെ സസ്‌പെൻഡ് ചെയ്തിരുന്നു.
പിന്നീട് കുടുംബം മൃതദേഹം സംസ്കരിക്കുകയും സർക്കാർ നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുകയും ചെയ്തിരുന്നു. പിന്നീട് ഒരു മാസത്തിന് ശേഷമാണ് ആൺകുട്ടി ജീവനോടെ വീട്ടിൽ തിരിച്ചെത്തിയത്.
കുട്ടിയെ തട്ടിയെടുത്ത് പ്രതികൾ നേപ്പാളിലേക്ക് പോകുകയായിരുന്നു. കുട്ടിയുടെ വായ ബലമായി പൊത്തി വെച്ച നിലയിലായിരുന്നു. തട്ടിക്കൊണ്ടുപോയവർ ഒരു ദിവസം വാതിൽ തുറന്നിട്ട് പോയ ദിവസം കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.
നാട്ടുകാരുടെ സഹായത്തോടെയാണ് കുട്ടി കുടുംബത്തെ ബന്ധപ്പെട്ടതെന്നും പൊലീസ് അറിയിച്ചു. വീഡിയോ കോളിലൂടെയാണ് കുട്ടി കുടുംബത്തെ ബന്ധപ്പെട്ടത്. ഐഡന്റിറ്റി സ്ഥിരീകരിച്ച ശേഷം മാതാപിതാക്കൾ തന്നെയാണ് കുട്ടിയെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നതും.
കുട്ടി സുരക്ഷിതമായി തിരിച്ചെത്തിയതോടെ ഇതുവരെ ഉണ്ടായ സംഭവങ്ങൾ കുടുംബം അധികാരികളെ അറിയിച്ചു. കൂടാതെ ലഭിച്ച സാമ്പത്തിക സഹായം തിരികെ നൽകാൻ കുടുംബം സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു.
സംസ്കരിച്ച ആൺകുട്ടി ആരാണെന്ന് ഇതുവരെ വ്യക്തമല്ല. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട കേസുകൾ പൊലീസ് അന്വേഷിച്ചു വരികയാണ്. തിരിച്ചെത്തിയ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിലും അന്വേഷണം പുരോഗമിക്കുകയാണ്.
#Police #forcibly #handed #overbody #Child #thought #dead #returns #days #police #dilemma
