ലഖ്നൗ: (www.truevisionnews.com) കുട്ടിയുടെ നേർക്ക് കുരച്ച നായയെ യുവാവ് ക്രൂരമായി ഉപദ്രവിക്കുകയും കാറിൽ കെട്ടിവലിക്കുകയും ചെയ്തതായി പരാതി. ഉത്തര്‍ പ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം.

ഡങ്കൗറിൽ അയൽവാസിയുടെ വീടിന് പുറത്ത് കെട്ടിയിട്ടിരുന്ന നായ കുട്ടിയുടെ നേർക്ക് കുരച്ചു എന്നാരോപിച്ചാണ് യുവാവ് ആക്രമണം നടത്തിയത്. നായ കുട്ടിയുടെ നേർക്ക് കുരച്ചുചാടിയതോടെ കുട്ടി പേടിച്ചെന്നും പിന്നോട്ട് മാറിയപ്പോൾ വീണ് പരിക്കേൽക്കുകയും ചെയ്തെന്നാണ് യുവാവ് പറയുന്നത്.
ഇതിൽ പ്രകോപിതനായ ഇയാൾ നായയെ വടികൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. നായയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടിണ്ട്. അടിച്ച് പരിക്കേൽപ്പിച്ചതിന് പിന്നാലെ അയൽവാസി നായയെ കാറിൽ കെട്ടി മൂന്ന് കിലോമീറ്ററോളം വലിച്ചിഴച്ചതായി വളർത്തുനായയുടെ ഉടമ സുധീർ ഇൻഡോറിയ പറഞ്ഞു.
ഗുരുതര മുറിവുകളുള്ള നായയെ ഉടൻ തന്നെ പ്രാദേശിക മൃഗാശുപത്രിയിലേക്ക് കൊണ്ടുപോയി. ഇപ്പോഴും ചികിത്സ തുടരുകയാണ്. പൊലീസിൽ പരാതിപ്പെട്ടാൽ കൊല്ലുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയതായും ഉടമ പറഞ്ഞു.
സംഭവത്തിൽ യുവാവിനെതിരെ ഡങ്കൗർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചതായും ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും നോയിഡ പോലീസിന്റെ മീഡിയ സെൽ അറിയിച്ചു.
#Barked #child #Youngman #dragged #neighbor #petdog #cruelty #silent #animal
