(truevisionnews.com) സമീപകാലത്തായി വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്ന അപകടങ്ങളിൽ ഏറിയ പങ്കും സെൽഫി എടുക്കാനോ റീൽ ചിത്രീകരിക്കാനോ നടത്തുന്ന ശ്രമങ്ങൾക്കിടയിൽ സംഭവിക്കുന്നതാണ്.

കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു സംഭവത്തിൽ ഒരു വിനോദസഞ്ചാരി അപകടത്തിൽപ്പെട്ടത് ഹിമാചൽ പ്രദേശിലെ നദീതീരത്ത് വെച്ച് സെൽഫി എടുക്കാൻ ഉള്ള ശ്രമത്തിനിടയിലാണ്. അപകടകരമായ വിധം സെൽഫിക്ക് ശ്രമിച്ച ഇവർ കാൽവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ സ്ഥിതി ചെയ്യുന്ന പാർവതി നദീതീരത്താണ് ഈ സംഭവം നടന്നത്. നദിയുടെ നടുവിലുള്ള ഒരു പാറയിൽ കയറി നിന്ന് സെൽഫി എടുക്കാനുള്ള ശ്രമത്തിനിടെയാണ് കാൽവഴുതി ഇയാൾ നദിയിലേക്ക് വീണത്.
ഇയാൾക്ക് നീന്താൻ അറിയാമായിരുന്നുവെങ്കിലും നദിയിലെ വെള്ളത്തിന്റെ തണുപ്പും ശക്തമായ ഒഴുക്കും തരണം ചെയ്യാനാകാതെ ഒഴുക്കിൽപ്പെട്ട് പോവുകയായിരുന്നു. ഭാഗ്യവശാൽ ഇയാൾക്ക് ഒരു പാറയിൽ പിടുത്തം കിട്ടുകയും ആ സമയം പ്രദേശത്തുണ്ടായിരുന്ന മറ്റൊരു വ്യക്തി ഇത് കാണുകയും ചെയ്തതിനാൽ രക്ഷപ്പെടുത്താനായി.
https://twitter.com/i/status/1911663011309244418
ഇവിടെയെത്തുന്ന വിനോദസഞ്ചാരികളിൽ ഭൂരിഭാഗം ആളുകളും നദീതീരങ്ങളിൽ നിന്ന് സെൽഫി എടുക്കാൻ താല്പര്യം പ്രകടിപ്പിക്കാറുണ്ട് എന്നാണ് പ്രദേശവാസികൾ പറയുന്നത്. സഞ്ചാരികളുടെ ഇത്തരം അപകടകരമായ ശ്രമങ്ങൾ ആശങ്കപ്പെടുത്തുന്നതാണെന്നും നാട്ടുകാർ പറയുന്നു.
തീരത്തുനിന്ന് നോക്കുമ്പോൾ ശാന്തമായി ഒഴുകുന്ന നദിയായി തോന്നുമെങ്കിലും വെള്ളത്തിൽ വീണുപോയാൽ ഒഴുക്കിനെ അതിജീവിക്കാൻ ആകില്ല എന്നാണ് സമീപ വർഷങ്ങളിൽ നിരവധി അപകടങ്ങൾക്ക് സാക്ഷ്യം വഹിച്ച ഒരു പ്രാദേശിക ഹോട്ടൽ ഉടമ സാക്ഷ്യപ്പെടുത്തുന്നത്.
#Shocking #footage #Youngman #falls #river #taking #selfie
