പാലക്കാട്: ( www.truevisionnews.com) ബിജെപിയുടെ ഭീഷണിയോടും ദിവ്യ എസ് അയ്യരുടെ കെകെ രാഗേഷിനെ പുകഴ്ത്തിയ പോസ്റ്റിനോടും പ്രതികരിച്ച് യൂത്ത് കോൺഗ്രസ് നേതാവും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ. പുകഴ്ത്തൽ നിർത്തി ഫയൽ നോട്ടിലേക്ക് ഉദ്യോഗസ്ഥർ തിരികെ പോകണമെന്ന് പറഞ്ഞ് ദിവ്യയെ വിമർശിച്ച അദ്ദേഹം എത്ര ഭീഷണിയുണ്ടായാലും ബിജെപിയോട് മാപ്പ് പറയില്ലെന്നും വ്യക്തമാക്കി.

ദിവ്യ എസ് അയ്യരുടെ ഇൻസ്റ്റഗ്രാം പോസ്റ്റുമായി ബന്ധപ്പെട്ട ചോദ്യത്തോട് രാഷ്ട്രീയക്കാരെക്കുറിച്ച് നല്ലത് പറയുകയല്ല സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ പണിയെന്നായിരുന്നു രാഹുലിൻ്റെ പ്രതികരണം. പല ഉദ്യോഗസ്ഥരും രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് പ്രവർത്തിക്കുന്നത്. പല സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കും എങ്ങനെ പെരുമാറണമെന്ന് അറിയില്ല.
സോഷ്യൽ മീഡിയ ഹൈപ്പിൽ മാത്രമാണ് ചിലർക്ക് ക്രേസ്. പ്രെയ്സിങ്ങ് നോട്ട് നിർത്തി ഫയൽ നോട്ടിലേക്ക് ഉദ്യോഗസ്ഥർ മാറണം. ഡിസിസി പ്രസിഡൻ്റിനെ നിയമിച്ചതിൽ ഇത്തരം പോസ്റ്റിട്ടാൽ സർക്കാർ നടപടിയെടുക്കില്ലേയെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.
ബിജെപിക്കാർ മുൻപ് കാൽവെട്ടുമെന്ന് പറഞ്ഞതാണെന്ന് ഓർമ്മിപ്പിച്ച രാഹുൽ, എന്നിട്ടും ഇപ്പോഴും അതേ കാലിൽ തന്നെയാണ് താൻ നിൽക്കുന്നതെന്നും പറഞ്ഞു. ഇനി തലയാണ് വെട്ടുന്നതെങ്കിൽ അത് വെച്ച് കൊടുക്കാനും തയ്യാറാണ്. ബിജെപി ശ്രമിക്കുന്നത് അതിവൈകാരികത ഇളക്കിവിടാനാണ്. പേര് മാറ്റാതെ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല.
പദ്ധതിക്കെതിരെയല്ല, പേര് മാറ്റാൻ മാത്രമാണ് പറഞ്ഞത്. എന്ത് ഭീഷണിയുണ്ടായാലും ബിജെപിയോട് മാപ്പ് പറയില്ല. ക്ഷേത്രത്തിൽ ഗണഗീതം പാടിയ ബിജെപിക്ക് വിപ്ലവഗാനം പാടി വഴിയൊരുക്കിയത് സിപിഎമ്മാണ്. ക്ഷേത്ര ഉത്സവങ്ങൾ അലങ്കോലമാക്കാനാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
#rahulmankootathil #says #he #wont #appologise #bjp #criticises #divyasiyer
