Apr 11, 2025 07:34 PM

ചേര്‍ത്തല: (www.truevisionnews.com) എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ആത്മാഭിമാനത്തോടെ തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കാന്‍ വേണ്ട ധൈര്യവും ആര്‍ജവവും അംഗങ്ങള്‍ക്ക് പകര്‍ന്നുകൊടുത്ത നേതൃസ്ഥാനമാണ് വെള്ളാപ്പള്ളിയുടേതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അനിതരസാധാരണമായ കര്‍മ്മശേഷിയും നേതൃപാടവവും കൊണ്ട് വെള്ളാപ്പള്ളി രണ്ട് ചരിത്രനിയോഗങ്ങളുടെ നെറുകയില്‍ എത്തിനില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയായി 30 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ എസ്എന്‍ഡിപി യോഗം ചേര്‍ത്തല യൂണിറ്റ് സംഘടിപ്പിച്ച സ്വീകരണപരിപാടിയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

'നമ്മുടെ സമൂഹത്തില്‍ തുടര്‍ച്ചയായി സ്‌നേഹവിശ്വാസങ്ങള്‍ നേടിയെടുക്കുക, അത് നിലനിര്‍ത്തിക്കൊണ്ടുപോകുക, അണികളും പ്രസ്ഥാനവും ആവശ്യപ്പെടുന്ന രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള ആര്‍ജവം കാണിക്കുക, ഇതൊക്കെ എളുപ്പമുള്ള കാര്യമല്ല. ആ എളുപ്പമല്ലാത്ത കാര്യമാണ് അല്‍പ്പം അനായാസമായി വെള്ളാപ്പള്ളി നിര്‍വഹിച്ചുപോന്നിട്ടുള്ളത്.

ഒരു സംഘടനയിലെ അമരക്കാരനായി നിന്ന് ആ സംഘടനയെ കൂടുതല്‍ വളര്‍ച്ചയിലേക്ക് നയിക്കാനാണ് വെള്ളാപ്പള്ളി ശ്രമിച്ചതെന്നും അതിന് പ്രത്യേക അഭിനന്ദനം അറിയിക്കുന്നതായും' മുഖ്യമന്ത്രി പറഞ്ഞു.

'എസ്എന്‍ഡിപി യോഗത്തിന്റെ അമരക്കാരനായി മൂന്നുദശാബ്ദം ഇരിക്കുക എന്നുപറയുമ്പോള്‍ കുമാരനാശാന്‍ പോലും 16 വര്‍ഷം മാത്രമേ ഈ സ്ഥാനത്ത് തുടര്‍ന്നിരുന്നുള്ളൂ എന്നത് നാം ഓര്‍ക്കേണ്ടതാണ്. ഗുരുസന്ദേശങ്ങളെ പ്രായോഗിക പ്രവര്‍ത്തനങ്ങളുമായി സമന്വയിപ്പിച്ചുകൊണ്ട് മൂന്നുപതിറ്റാണ്ടുകാലം വെള്ളാപ്പള്ളിക്ക് ഈ സംഘടനയ്ക്ക് നേതൃത്വം കൊടുത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു.

ആത്മാഭിമാനത്തോടെ തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കാന്‍ വേണ്ട ധൈര്യവും ആര്‍ജവവും അംഗങ്ങള്‍ക്ക് പകര്‍ന്നുകൊടുത്ത നേതൃസ്ഥാനമാണ് വെള്ളാപ്പള്ളിയുടേത്. അതാണ് അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകത.' - മുഖ്യമന്ത്രി പറഞ്ഞു.

'കേരളത്തിന്റെ സാമൂഹികമുന്നേറ്റത്തില്‍ പുരോഗമനപരവും നേതൃത്വപരവുമായ പങ്കുവഹിച്ചിട്ടുള്ള പ്രസ്ഥാനമാണ് എസ്എന്‍ഡിപി. അത് കേവലം സാമുദായിക നവീകരണത്തില്‍ മാത്രം ഒതുങ്ങിനിന്നില്ല.

ശ്രീനാരായണ ഗുരു കേരളത്തിന്റെ സമഗ്രമായ വികസനം ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു നേതൃത്വം കൊടുത്തതെന്നും' മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

#Vellapalli #against #any #religion #ChiefMinister #Malappuram #speech #against #politicalparty

Next TV

Top Stories