ഹൈബ്രിഡ് കഞ്ചാവ് കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ച് നടന്‍ ശ്രീനാഥ് ഭാസി

 ഹൈബ്രിഡ് കഞ്ചാവ് കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ച് നടന്‍ ശ്രീനാഥ് ഭാസി
Apr 7, 2025 07:27 PM | By Jain Rosviya

കൊച്ചി: (truevisionnews.com) ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ച് നടന്‍ ശ്രീനാഥ് ഭാസി. മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നടന്റെ അഭിഭാഷകന്റെ നടപടി. നടന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി എക്‌സൈസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു.

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി തിങ്കളാഴ്ചയാണ് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചത്. കേസ് വ്യാജവും കെട്ടിച്ചമച്ചതുമാണെന്നെന്നാണ് ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയത്.

പ്രതി തസ്ലീമ സുല്‍ത്താനയില്‍ നിന്ന് കഞ്ചാവ് വാങ്ങിയിട്ടില്ലെന്നും അറസ്റ്റ് ചെയ്താല്‍ സിനിമയുടെ ഷൂട്ടിങ് മുടങ്ങുമെന്നും ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ആലപ്പുഴയില്‍ നിന്നാണ് രണ്ട് കോടി വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമ സുല്‍ത്താനയെ അറസ്റ്റ് ചെയ്തത്. ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും കഞ്ചാവ് കൈമാറിയെന്ന് തസ്ലീമ മൊഴി നല്‍കിയിരുന്നു.

നടന്മാര്‍ക്കൊപ്പം പല തവണ ലഹരി ഉപയോഗിച്ചതായും തസ്ലീമ മൊഴി നല്‍കിയതായായിരുന്നു വിവരം. തസ്ലീമയും നടന്മാരും തമ്മിലുള്ള ചാറ്റ് എക്‌സൈസിന് ലഭിച്ചിരുന്നു. സമീപകാലത്ത് പിടികൂടുന്ന ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടയാണ് നടന്നതെന്നായിരുന്നു തസ്ലീമയെ പിടിച്ചതിന് പിന്നാലെ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ് വിനോദ് കുമാര്‍ പറഞ്ഞത്.

യുവതിക്ക് സിനിമാ മേഖലയിലെ ഉന്നതരുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് യുവതി എറണാകുളത്ത് വിതരണം ചെയ്തിരുന്നു. ആലപ്പുഴയിലും വിതരണ സംവിധാനം ഉണ്ടാക്കിയതോടെ എക്‌സൈസിന്റെ പിടിവീഴുകയായിരുന്നു.


#Hybrid #cannabis #case #Actor #SrinathBhasi #withdraws #anticipatory #bail #plea

Next TV

Related Stories
Top Stories










Entertainment News