Apr 6, 2025 05:12 PM

മധുര: (www.truevisionnews.com) സി പി എം ജനറൽ സെക്രട്ടറിയായി തെര‍ഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ പ്രതികരണത്തിൽ കോൺഗ്രസിനോടുള്ള സമീപനത്തിന്‍റെ കാര്യത്തിലും കേരളത്തിലെ അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടിയെ ആര് നയിക്കുമെന്ന കാര്യത്തിലും എം എ ബേബി നിലപാട് വ്യക്തമാക്കി.

പിണറായി വിജയൻ തന്നെയാകുമോ അടുത്ത തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കുകയെന്ന ചോദ്യത്തിനാണ് എം എ ബേബി മറുപടി നൽകിയത്. നിലവിൽ പാർട്ടിയിലെ മുതിർന്ന നേതാവും കേരളത്തിലെ മുഖ്യമന്ത്രിയുമാണ് പിണറായി വിജയൻ.

സ്വഭാവികമായും അടുത്ത തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ രാഷ്ട്രീയമായ പ്രചാരണത്തിലും സംഘടനാകാര്യത്തിലുമെല്ലാം നയിക്കും. ഒരു തുടർഭരണം വീണ്ടും കിട്ടിയാൽ അന്ന് ആരാണ് മുഖ്യമന്ത്രിയാകുക എന്ന കാര്യം ഇപ്പോൾ ചർച്ചചെയ്യേണ്ട കാര്യമില്ല.

സമയമാകുമ്പോൾ പാർട്ടി കൃത്യമായ തീരുമാനമെടുക്കുമെന്നും പുതിയ ജനറൽ സെക്രട്ടറി വ്യക്തമാക്കി. നിലവിലെ മുഖ്യമന്ത്രി അടുത്ത തിരഞ്ഞെടുപ്പിൽ മുന്നണിയെ നയിക്കുകയെന്നത് സ്വാഭാവിക കാര്യമല്ലേയെന്നും അതിലെന്ത് സംശയമാണുള്ളതെന്നും ബേബി ചോദിച്ചു.

തുടർഭരണം കിട്ടാനുള്ള പ്രവർത്തനങ്ങളുണ്ടാകണമെന്നാണ് പാർട്ടി കോൺഗ്രസ് തീരൂമാനിച്ചിട്ടുള്ളതെന്നും ജനറൽ സെക്രട്ടറി വിവരിച്ചു. കോൺഗ്രസിനോട് നിലവിൽ തുടരുന്ന സമീപനം സി പി എം തുടരുമെന്നാണ് ജനറൽ സെക്രട്ടറി പ്രതികരിച്ചത്.

ഓരോ സംസ്ഥാനത്തും ഓരോ സാഹചര്യമാണെന്നും സംസ്ഥാനങ്ങൾക്കനുസൃതമായ സഹകരണമാകും തുടരുകയെന്നും അദ്ദേഹം വിവരിച്ചു. ഇന്ത്യ സഖ്യത്തിന്‍റെ ഭാഗമായിരിക്കുമ്പോളും ദില്ലി തിരഞ്ഞെടുപ്പിൽ കോൺഗ്രസും എ എ പിയും തമ്മിൽ മത്സരിച്ചതടക്കം ബേബി ചൂണ്ടികാട്ടി.

കേരളത്തിൽ എതിരിടുമ്പോഴും ദേശീയ സാഹചര്യത്തിൽ സഹകരണമെന്ന സുർജിത്തിന്‍റെയും യെച്ചൂരിയുടെയും സമീപനമാകും താനും തുടരുകയെന്നാണ് ബേബി വിവരിച്ചത്. പാർട്ടി കോൺഗ്രസിൽ മത്സരം നടന്ന കാര്യവും പുതിയ ജനറൽ സെക്രട്ടറി സ്ഥിരീകരിച്ചു.

കേന്ദ്ര കമ്മിറ്റി പാനലിനെതിരെ മത്സരിച്ച ഡി എല്‍ കരാഡ് തോറ്റെന്നും 31 വോട്ടുകളാണ് ഡി എല്‍ കരാഡിന് ലഭിച്ചതെന്നും ബേബി വ്യക്തമാക്കി. മത്സരിക്കാനുള്ള ജനാധിപത്യ അവകാശം പാർട്ടി കോൺഗ്രസ് അംഗീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം വിവരിച്ചു.

#Pinarayi #lead #next #election #country #challenges #party #MABaby

Next TV

Top Stories










//Truevisionall