ചവറ: (truevisionnews.com ) കെഎംഎംഎല്ലില്‍ ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ കബളിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന മുസ്ലിം ലീഗ് നേതാവ് കോടതിയില്‍ കീഴടങ്ങി. ലീഗ് മുന്‍ ദേശീയ കൗണ്‍സില്‍ അംഗം ശൂരനാട് കുമരഞ്ചിറ പ്ലാവിലവീട്ടില്‍ അബ്ദുല്‍ വഹാബ് (65) ആണ് ചവറ മജിസ്ട്രേട്ട് കോടതിയില്‍ കീഴടങ്ങിയത്.

കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു. വഞ്ചനക്കുറ്റം ചുമത്തി ചവറ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അബ്ദുല്‍ വഹാബിന് നോട്ടീസ് നല്‍കിയിരുന്നു. ഒളിവില്‍പ്പോയ ഇയാള്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിരുന്നു. ഇരുകോടതികളും തള്ളിയതോടെയാണ് മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരായത്.
പോലീസ് പറയുന്നത്: പന്മന വടക്കുംതല മുല്ലമംഗലത്തുവീട്ടില്‍ താജുദീന്റെ പക്കല്‍നിന്ന് മകന് ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തത്. പിന്നീട് ഓര്‍മ്മ നഷ്ടമായ താജുദീന്‍ കിടപ്പുരോഗിയായതോടെ ഭാര്യ റസിയാബീഗമാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.
2022 ഓഗസ്റ്റ് രണ്ടിന് 10 ലക്ഷം രൂപയും ഏപ്രിലില്‍ സ്വര്‍ണം പണയപ്പെടുത്തി 15 ലക്ഷം രൂപയുമാണ് കൊടുത്തത്. ഇതില്‍ അഞ്ചുലക്ഷം ബാങ്ക് അക്കൗണ്ടിലൂടെയും ബാക്കി നേരിട്ടുമാണ് നല്‍കിയത്.
പണം കൈപ്പറ്റുന്നതും എണ്ണിത്തിട്ടപ്പെടുത്തുന്നതും ജോലി വാഗ്ദാനം ചെയ്യുന്നതുമടക്കമുള്ള വീഡിയോ ദൃശ്യങ്ങള്‍ പരാതിക്കാര്‍ മാധ്യമങ്ങളിലൂടെ നല്‍കിയതിനെത്തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. ഹജ്ജ് വിസ നല്‍കാമെന്നു പറഞ്ഞ് ഒട്ടേറെപ്പേരില്‍നിന്ന് പ്രതി പണം വാങ്ങിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
#Muslim #League #leader #remanded #custody #after #being #duped #Rs25 #lakh #promising #him #job #KMML
