തിരുവനന്തപുരം : (truevisionnews.com) മദ്യലഹരിയിൽ നൃത്തം ചെയ്തത് തടഞ്ഞതിന് ജയിൽ ഉദ്യോഗസ്ഥന്റെ മൂക്കിടിച്ച് തകർത്തു. പൂജപ്പുര സെൻട്രൽ ജയിലിലെ ഡപ്യൂട്ടി പ്രിസൺ ഓഫിസർ എസ്.എൽ.അനീഷിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ കുപ്രസിദ്ധ കുറ്റവാളി പന്തം ജയനും സംഘവും പിടിയിലായി.

പരുക്കേറ്റ ഡപ്യൂട്ടി പ്രിസൺ ഓഫിസർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി പൂജപ്പുര ജയിലിന്റെ സമീപമുള്ള ഗണപതി ക്ഷേത്രത്തിലായിരുന്നു സംഭവം. ജഗതി സ്വദേശി പന്തം ജയൻ എന്നുവിളിക്കുന്ന ജയൻ (42), ജയന്റെ സഹോദരൻ പ്രദീപ് (46), ദിനേശ് (30) എന്നിവരാണ് അറസ്റ്റിലായത്.
ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് ഗാനമേള നടക്കുന്നതിനിടെ പന്തം ജയൻ ഉൾപ്പെടുന്ന സംഘമെത്തുകയും മദ്യലഹരിയിൽ ഡാൻസ് കളിക്കുകയും ചെയ്തു. ഇതു തടഞ്ഞ അനീഷിന്റെ മുഖത്ത് ജയൻ തലകൊണ്ട് ശക്തിയായി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ അനീഷിന്റെ മൂക്കിന്റെ അസ്ഥി തകർന്നു. അറസ്റ്റിലായ പ്രതികളെല്ലാം നേരത്തെ വിവിധ കേസുകളിൽ പൂജപ്പുരയിൽ തടവിൽ കഴിഞ്ഞിട്ടുണ്ട്.
#prison #officer #punched #face #stopping #him #from #dancing #while #intoxicated.
