ബംഗളൂരു: (www.truevisionnews.com) ചാമരാജ് നഗർ ഗുണ്ടൽപേട്ടിൽ കാർ ടെംപോ വാനിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. പരിക്കേറ്റ് മൈസൂരുവിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം മൊറയൂര്‍ അരിമ്പ്ര അത്തിക്കുന്ന് മന്നിയില്‍ അബ്ദുല്‍ അസീസാണ് (50) ബുധനാഴ്ച രാവിലെ മരിച്ചത്.

അപകടം നടന്ന ചൊവ്വാഴ്ച അബ്ദുല്‍ അസീസിന്റെ മക്കളായ മുഹമ്മദ് ഷഹ്‌സാദ് (24), മുസ്‌കാനുല്‍ ഫിര്‍ദൗസ് (21) എന്നിവർ മരിച്ചിരുന്നു. ഗുരുതര പരിക്കേറ്റ അബ്ദുൽ അസീസിനെ ചൊവ്വാഴ്ച അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.
അപകടത്തിൽ അസീസിന്റെ മക്കളായ മുഹമ്മദ് അദ്‌നാന്‍ (18), മുഹമ്മദ് ആദില്‍ (16), സഹ്ദിയ സുല്‍ഫ (25), സഹ്ദിയ സുല്‍ഫയുടെ മക്കളായ ആദം റബീഹ് (നാല്), അയ്യത്ത് (എട്ട് മാസം), അബ്ദുല്‍ അസീസിന്റെ സഹോദരന്‍ മുഹമ്മദലിയുടെ മകന്‍ മുഹമ്മദ് ഷാനിജ് (15) എന്നിവർക്ക് പരിക്കേറ്റിരുന്നു.
ഇതിൽ ആദം റബീഹ് ഒഴികെയുള്ളവരെ ചൊവ്വാഴ്ചതന്നെ നാട്ടിലേക്ക് മാറ്റി. ഗുരുതര പരിക്കുള്ള ആദം റബീഹിനെ മൈസൂരുവിലെ ആശുപത്രിയിൽനിന്ന് ബുധനാഴ്ച വൈകീട്ടോടെ ഡിസ്ചാർജ് ചെയ്ത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
മൊറയൂര്‍ അരിമ്പ്രയിലെ വീട്ടില്‍നിന്ന് അബ്ദുല്‍ അസീസും കുടുംബവും ഭാര്യ രേഷ്മ ബാനുവിന്റെ മാണ്ഡ്യ കൊപ്പയിലെ വീട്ടിലേക്ക് പെരുന്നാള്‍ ആഘോഷിക്കാന്‍ പോകുന്നതിനിടെ രാവിലെ എട്ടോടെ ബേഗൂർ ബെംഗഗള്ളി ഗേറ്റിന് സമീപമാണ് അപകടം.
ഇവർ സഞ്ചരിച്ച കെ.എൽ 84 ബി 0372 രജിസ്ട്രേഷനിലുള്ള കാർ എതിരെ വന്ന ടെംപോ വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. അസീസിന്റെ മയ്യിത്ത് പോസ്റ്റ്മോർട്ടത്തിനുശേഷം എ.ഐ.കെ.എം.സി.സി മൈസൂരു കമ്മിറ്റി പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയച്ചു.
#Death #toll #Gundalpet #car #accident #rises #three #injured #householder #succumbs #death
