ന്യൂഡല്‍ഹി: (www.truevisionnews.com) കോവിഡ് കാലത്തെ കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയതന്ത്രത്തെ പുകഴ്ത്തിയ ശശി തരൂരിന്റെ വാക്കുകളോട് പ്രതികരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. സമീപകാലത്തായി കോണ്‍ഗ്രസ് നേതാക്കള്‍ പ്രബുദ്ധരായിക്കൊണ്ടിരിക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖര്‍ തിങ്കളാഴ്ച വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞു.

ശശി തരൂരും നിരവധി കോണ്‍ഗ്രസ് നേതാക്കളും അടുത്തിടെ മനസുമാറ്റിയിട്ടുണ്ട്. റഷ്യ-യുക്രൈയ്ന്‍ സംഘര്‍ഷത്തില്‍ ഇന്ത്യയുടെ നയതന്ത്രം ശരിയാണെന്ന് അവര്‍ അടുത്തിടെ അംഗീകരിച്ചു.
ലോകമെമ്പാടുമുള്ള ആരോടുചോദിച്ചാലും പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചെറുരാജ്യങ്ങള്‍ക്ക് പ്രശംസനീയമാം വിധം സഹായം നല്‍കിയെന്ന് അവര്‍ സമ്മതിക്കും. നേരത്തെ എതിര്‍ത്തെങ്കിലും ഇന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പോലും അത് അംഗീകരിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നും അവരോട് ഞാന്‍ നന്ദി പറയുന്നുവെന്നും ഒരിക്കലും ചെയ്യാതിരിക്കുന്നതിനേക്കാള്‍ വൈകിയെങ്കിലും പറയുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ദി വീക്കിലാണ് കോവിഡ് 19 മഹാമാരിക്കാലത്ത് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച വാക്‌സിന്‍ മൈത്രി ദൗത്യത്തിന്റെ നേട്ടങ്ങളെ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പുകഴ്ത്തിയത്. അക്കാലത്തെ രാജ്യത്തിന്റെ വലിയ നേട്ടങ്ങളിലൊന്നായിരുന്നു വാക്‌സിന്‍ നയതന്ത്രമെന്ന് തരൂര്‍ പറഞ്ഞു.
അതുവഴി മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ സാധിച്ചതിനൊപ്പം ആഗോളതലത്തില്‍ മുന്‍നിരയിലേക്ക് വരാന്‍ ഇന്ത്യക്ക് സാധിച്ചെന്നും തരൂര്‍ പറഞ്ഞു.
നേരത്തെ റഷ്യ-യുക്രൈയ്ന്‍ യുദ്ധത്തില്‍ ഇന്ത്യയുടെ നിലപാടിനും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ചര്‍ച്ചകള്‍ക്കും പ്രധാനമന്ത്രിയെ പ്രശംസിച്ചത് കോണ്‍ഗ്രസ് പക്ഷത്ത് വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയ പശ്ചാത്തലത്തിലാണ് ഈ പരാമര്‍ശങ്ങള്‍.
#Congress #leaders #becoming #enlightened #RajivChandrasekhar #responds #ShashiTharoor #praise
