മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് ലുലു ഗ്രൂപ്പ് 50 വീടുകള്‍ നല്‍കും

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് ലുലു ഗ്രൂപ്പ് 50 വീടുകള്‍ നല്‍കും
Mar 29, 2025 08:31 PM | By VIPIN P V

കല്‍പ്പറ്റ: (www.truevisionnews.com) മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി 50 വീടുകള്‍ നല്‍കും. മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം വിവരം അറിയിച്ചു.

ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ആദ്യ ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 27ന് തറക്കല്ലിട്ടിരുന്നു. കല്‍പ്പറ്റ നഗരത്തിനടുത്ത് സര്‍ക്കാര്‍ ഏറ്റെടുത്ത എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയിലാണ് തറക്കല്ലിട്ടത്.

26.56കോടി രൂപ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കെട്ടിവെച്ചതോടെയാണ് ജില്ലാ ഭരണകൂടത്തിന്റെ ഏകോപനത്തോടുകൂടി ഭൂമി ഏറ്റെടുക്കാനുള്ള അടിയന്തര നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഡിസംബറോടെ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ടൗണ്‍ഷിപ്പിലെ വീടുകളുടെ നിര്‍മാണം ഏറ്റെടുത്ത ഊരാളുങ്കല്‍ സൊസൈറ്റിയുടെ തീരുമാനം.

സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടര്‍ ഭൂമിയില്‍ 7 സെന്റ് വീതമുള്ള പ്ലോട്ടുകളില്‍ 1000 ചതുരശ്ര അടിയില്‍ ഒറ്റ നിലയായി ക്ലസ്റ്ററുകള്‍ തിരിച്ചാണ് വീടുകള്‍ നിര്‍മിക്കുക.

വീടുകള്‍ക്കൊപ്പം പൊതു സ്ഥാപനങ്ങള്‍ പ്രത്യേക കെട്ടിടങ്ങള്‍, റോഡ്, അനുബന്ധ സ്ഥാപനങ്ങള്‍, വ്യാപാര- വാണിജ്യ സൗകര്യങ്ങള്‍ എന്നിവയും സജ്ജമാക്കും. ടൗണ്‍ഷിപ്പിന്റെ ഭാഗമായി ആരോഗ്യ കേന്ദ്രം, ആധുനിക അങ്കണവാടി, പൊതു മാര്‍ക്കറ്റ്, കമ്യൂണിറ്റി സെന്റര്‍ എന്നിവ നിര്‍മിക്കും.

സംഘടനകളും സ്‌പോണ്‍സര്‍മാരുംം വീടുവച്ച് നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും.



#LuluGroup #provide #houses #MundakaiChuralmala #disaster #victims

Next TV

Related Stories
Top Stories










Entertainment News