ബാങ്ക് എടിഎമ്മിലൂടെയുള്ള പ്രതിമാസ സൗജന്യ പണമിടപാട് കഴിഞ്ഞാലുള്ള പണമിടപാടുകൾക്ക് ഇനി കൂടുതൽ പണം ചിലവാക്കേണ്ടി വരും. എടിഎം സർവീസ് ചാർജ് രണ്ട് രൂപയാണ് ഇപ്പോൾ വർധിപ്പിച്ചിരിക്കുന്നത്.

ഇതോടെ ചാർജ് 21 രൂപയിൽ നിന്നും 23 രൂപയായി ഉയർന്നു. ഇതിനൊപ്പം ജിഎസ്ടിയും നൽകേണ്ടിവരും.
പ്രതിമാസം സ്വന്തം ബാങ്കിന്റെ എടിഎമ്മുകളിൽ നിന്ന് അഞ്ച് സൗജന്യ ഇടപാടുകളാണ് നടത്താൻ കഴിയുക. ശേഷം മെട്രോ നഗരങ്ങളിൽ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്ന് മൂന്ന് സൗജന്യ ഇടപാടുകളും മെട്രോ ഇതര കേന്ദ്രങ്ങളിൽ അഞ്ച് സൗജന്യ ഇടപാടും നടത്താം.
ഇതും കഴിഞ്ഞുള്ള ഇടപാടുകൾക്കാണ് പുതിയ നിരക്ക് ബാധകമാകുന്നത്. എടിഎം ഇന്റർചേഞ്ച് ഫീസ് സാമ്പത്തിക ഇടപാടുകൾക്ക് 2 രൂപയും സാമ്പത്തികേതര ഇടപാടുകൾക്ക് 1 രൂപയും വർദ്ധിപ്പിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അംഗീകാരം നൽകിയിട്ടുണ്ട്.
പണം പിൻവലിക്കൽ ഫീസ് ഒരു ഇടപാടിന് 17 രൂപയിൽ നിന്ന് 19 രൂപയായും ബാലൻസ് ചെക്ക് ഫീസ് ഒരു ഇടപാടിന് 6 രൂപയിൽ നിന്ന് 7 രൂപയായും ഉയരുമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. മെയ് ഒന്ന് മുതലാണ് മാറ്റം പ്രാബല്യത്തിൽ വരുന്നത്.
ഇത് സംബന്ധിച്ച് റിസർവ് ബാങ്ക് വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. അതേസമയം പരിമിതമായ എടിഎം നെറ്റ്‌വർക്കുള്ള ചെറിയ ബാങ്കുകളിൽ ഈ നീക്കം വലിയ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട് എന്നാണ് വിലയിരുത്തുന്നത്.
നിലവിലെ ഫീസ് ഘടനയിൽ പ്രവർത്തനങ്ങൾ നടത്താൻ ബുദ്ധിമുട്ടുള്ള വൈറ്റ്-ലേബൽ എടിഎം ഓപ്പറേറ്റർമാരുടെ അഭ്യർത്ഥനകളെ തുടർന്നാണ് ഇന്റർചേഞ്ച് ഫീസ് വർദ്ധിപ്പിച്ചതെന്നാണ് മണി കണ്ട്രോൾ അടക്കം റിപ്പോർട്ട് ചെയ്യുന്നത്. ഇതിനുമുമ്പ് 2021 ജൂണിലാണ് ആർബിഐ ഇന്റർചേഞ്ച് ഫീസ് പരിഷ്കരിച്ചത്.
#ATM #transactions #cost #more #Changes #like
