ദുരന്തബാധിതർ ജീവിതത്തിലേക്ക് തിരിച്ചെത്തും; 'ടൗൺഷിപ്പ് നിർമ്മാണം പൂർത്തിയാകും വരെ കൂടെ ഉണ്ടാകും'- പ്രിയങ്ക ഗാന്ധി

ദുരന്തബാധിതർ ജീവിതത്തിലേക്ക് തിരിച്ചെത്തും; 'ടൗൺഷിപ്പ് നിർമ്മാണം പൂർത്തിയാകും വരെ കൂടെ ഉണ്ടാകും'- പ്രിയങ്ക ഗാന്ധി
Mar 27, 2025 08:10 PM | By VIPIN P V

കൽപ്പറ്റ: (www.truevisionnews.com) ടൗൺഷിപ്പ് നിർമ്മാണം പൂർത്തിയായി ദുരന്തബാധിതർ ജീവിതത്തിലേക്ക് തിരിച്ചെത്തും വരെ കൂടെ ഉണ്ടാവുമെന്ന് ഉറപ്പ് നൽകി പ്രിയങ്ക ​ഗാന്ധി എംപി. 'ചൂരൽമല മുണ്ടക്കൈ ദുരന്തത്തെ പറ്റി ആലോചിക്കുമ്പോൾ രണ്ട് കാര്യങ്ങളാണ് ഓ‍ർമ്മ വരുന്നത്.

ആദ്യം താൻ ദുരന്ത ഭൂമിയിൽ എത്തിപ്പോഴുണ്ടായ ഇവിടുത്തെ ജനങ്ങളുടെ അവസ്ഥ, രണ്ടാമത്തേത് ദുരന്തമുഖത്ത് ജാതിയോ മതമോ നോക്കാതെ പരസ്പരം താങ്ങായി നിന്ന ജനങ്ങളെ. ഒരു വശത്ത് ദുരന്തത്തിൻ്റെ ഭീകരതയാണെങ്കിൽ മറു വശത്ത് ഒരുമയോടെ അത് മറികടക്കുന്ന കാഴ്ചയാണ് കണ്ടിരുന്നത്', പ്രിയങ്ക ഗാന്ധി പറഞ്ഞു.

'നിങ്ങൾ അനുഭവിച്ച വേദനയോളം വരില്ലെന്ന് അറിയാം. എന്നാലും ടൗൺഷിപ്പ് നിങ്ങളുടെ ജീവിതത്തെ തിരിച്ച് പിടിക്കാനും പ്രതീക്ഷ കൈവിടാതിരിക്കാനുമുള്ള ആദ്യ ചുവടാണ്. അത് സമയബന്ധിതമായി പൂ‍ർത്തിയാക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞതിൽ സന്തോഷമുണ്ട്.

ഏറെ പരിശ്രമിച്ചിട്ടും കേന്ദ്രത്തിൽ നിന്ന് നമുക്ക് പണം ലഭിച്ചില്ല. രാജ്യവും സംസ്ഥാനവും നിങ്ങളുടെ വേദനയ്ക്കൊപ്പം ഉണ്ടാകും', പ്രിയങ്ക ഗാന്ധി പറഞ്ഞു. മുണ്ടക്കൈ, ചൂരൽമല ദുരിതബാധിതർക്ക് ആശ്വാസമായി ഉയരുന്ന ടൗൺഷിപ്പ്‌ നിർമാണത്തിൻ്റെ തറകല്ലിടൽ ചടങ്ങിലായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.

ഏഴ് സെന്റ് വീതമുള്ള പ്ലോട്ടുകളിലായി 1000 ചതുരശ്ര അടിയിൽ ക്ലസ്റ്ററുകളിലായാണ് വീടുകള്‍ നിര്‍മിക്കുന്നത്. രണ്ട് കിടപ്പുമുറി, പ്രധാന മുറി, സിറ്റൗട്ട്, ലിവിങ് റൂം, പഠനമുറി, ഡൈനിങ് ഹാൾ, അടുക്കള, സ്റ്റോർ ഏരിയ, ശുചിമുറി എന്നിവ വീടുകളിലുണ്ടാവും.

ഒറ്റ നിലയില്‍ പണിയുന്ന കെട്ടിടം ഭാവിയില്‍ ഇരുനിലയാക്കാൻ കഴിയുന്ന അടിത്തറയോടെയാണ് പണിയുന്നത്. പ്രകൃതിദുരന്തങ്ങളെ നേരിടാൻ ശേഷിയുള്ളതായിരിക്കും അടിത്തറ. ആരോഗ്യ കേന്ദ്രം, ആധുനിക അങ്കണവാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍ മൾട്ടി പർപ്പസ്‌ ഹാൾ, ലൈബ്രറി എന്നിവ ടൗണ്‍ഷിപ്പില്‍ നിര്‍മിക്കും.

ആരോഗ്യ കേന്ദ്രത്തില്‍ ലബോറട്ടറി, ഫാര്‍മസി, പരിശോധന-വാക്സിനേഷന്‍-ഒബ്സര്‍വേഷന്‍ മുറികള്‍, മൈനര്‍ ഓപ്പറേഷൻ തിയറ്റർ, ഒപി ടിക്കറ്റ് കൗണ്ടര്‍ സൗകര്യങ്ങള്‍ എന്നിവ സജ്ജീകരിക്കും. ആറുമാസം കൊണ്ട്‌ പ്രവൃത്തി പൂർത്തിയാക്കും. ടൗൺഷിപ്പിലേക്ക്‌ വരാത്ത കുടുംബങ്ങൾക്ക്‌ 15 ലക്ഷം രൂപവീതം നൽകും.

2024 ജൂലൈ 30 പുലർച്ചെയാണ് വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ ഉരുൾപൊട്ടിയത്. 298 പേർക്കാണ് അന്ന് ജീവൻ നഷ്ടമായത്. നൂറുകണക്കിന് വീടുകളും റോഡുകളും പാലങ്ങളും സ്കൂളുകളും തകർന്നു.

ഒറ്റക്കെട്ടായി കേരളക്കര മുണ്ടക്കൈയേയും ചൂരൽമലയേയും ചേർത്തുപിടിച്ചു. സർക്കാരിനൊപ്പം രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും വ്യക്തികളും വിവിധ സംസ്ഥാനങ്ങളും ഉൾപ്പടെ സഹായഹസ്തവുമായി എത്തി. ഇന്ന് ലോകത്തിന് മുന്നിൽ ഉയർത്തിക്കാണിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഒരു മാതൃക ടൗൺഷിപ്പ് നിർമിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

#Disaster #victims #return #life #until #townshipconstruction #completed #PriyankaGandhi

Next TV

Related Stories
Top Stories










Entertainment News