പെരിയ: കേരള കേന്ദ്രസർവകലാശാലയിൽ ആൺകുട്ടികളുടെ ഹോസ്റ്റലിൽ പഴകിയ ഭക്ഷണം വിളമ്പിയെന്ന പരാതിയെ തുടർന്ന് പ്രതിഷേധവുമായി വിദ്യാർഥികൾ. രാത്രി 9.45-ഓടെയാണ് വിദ്യാർഥികൾ ഹോസ്റ്റൽ അടുക്കളയിലെ ഭക്ഷണം നിറച്ചുവെച്ച പാത്രവുമായി ആദ്യം കാംപസിനകത്തും പിന്നീട് പ്രധാന കവാടത്തിനു മുന്നിലും പ്രതിഷേധിച്ചത്.

ഉച്ചയ്ക്ക് തയ്യാറാക്കിയ ഭക്ഷണം രാത്രിയിലും ചൂടാക്കി നൽകുകയായിരുന്നു എന്നാണ് ആക്ഷേപം. ഭക്ഷണം തീരെ കഴിക്കാൻ പറ്റുന്നതായിരുന്നില്ലെന്നും വിദ്യാർഥികൾ പറഞ്ഞു.
മോശം ഭക്ഷണം കിട്ടിയതോടെ ഹോസ്റ്റൽ അന്തേവാസികൾ കൂട്ടത്തോടെ പ്രതിഷേധവുമായി എത്തുകയായിരുന്നു. രാത്രിയായതിനാൽ കാംപസിനകത്ത് ബന്ധപ്പെട്ട അധികൃതർ ഉണ്ടായിരുന്നില്ല. തുടർന്ന് ദേശീയപാതയോരത്തെ പ്രധാന കവാടത്തിനു മുന്നിൽ കുത്തിയിരിക്കുകയായിരുന്നു.
വിദ്യാർഥികൾ ഉൾപ്പെടുന്ന ഹോസ്റ്റൽ കമ്മിറ്റിയാണ് ഭക്ഷണത്തിനുള്ള സാധനങ്ങൾ വാങ്ങുന്നത്. എന്നാൽ പാചകത്തിന് ചുമതലയുള്ളവർ പഴകിയ ഭക്ഷണം നൽകുകയായിരുന്നു എന്നാണ് ഹോസ്റ്റൽ അന്തേവാസികളുടെ പരാതി.
നേരത്തെയും ഹോസ്റ്റലിലെ ഭക്ഷണം സംബന്ധിച്ച് പരാതി ഉയർന്നിരുന്നു. അധികൃതർ ഇടപെട്ടില്ലെങ്കിൽ സമരവുമായി മുന്നോട്ടുപോകുമെന്നും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
#Complaint #alleging #stale #food #served #boys #hostel #students #take #road #utensils #protest
