ഹരിപ്പാട്(ആലപ്പുഴ): (www.truevisionnews.com) അത്യാധുനിക യന്ത്രസംവിധാനങ്ങൾക്കുപോലും പിടികൊടുക്കാത്തവിധത്തിൽ മുക്കുപണ്ടം തയ്യാറാക്കി തട്ടിപ്പുനടത്തുന്ന സംഘത്തെപ്പറ്റി പോലീസ് അന്വേഷണം തുടങ്ങി. ആയാപറമ്പ് കുറ്റിയിൽ ജങ്ഷനിലെ ധനകാര്യസ്ഥാപനത്തിൽ മൂന്നു പവൻ വരുന്ന മുക്കുപണ്ടം പണയപ്പെടുത്തി 1.42 ലക്ഷം രൂപ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് വീയപുരം പോലീസാണ് അന്വേഷണം നടത്തുന്നത്.

കേസിൽ ആയാപറമ്പ് വടക്ക് തെങ്ങുംപള്ളിൽ അർപ്പൺ മാത്യു അലക്സ് (36) റിമാൻഡിലാണ്. ഇയാളെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി തിങ്കളാഴ്ച കോടതയിൽ അപേക്ഷ നൽകുമെന്ന് പോലീസ് പറഞ്ഞു.
അർപ്പൺ മാത്യു അലക്സിന് സ്വന്തം നിലയിൽ മുക്കുപണ്ടം തയ്യാറാക്കാൻ കഴിയില്ലെന്നാണ് പോലീസിന്റെ നിഗമനം. ഇയാൾക്ക് മുക്കുപണ്ടം എങ്ങനെ ലഭിച്ചെന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.
പ്യൂരിറ്റി അനലൈസർ പോലുള്ള ഉപകരണങ്ങളിൽ പരിശോധിക്കുമ്പോൾ യഥാർഥ സ്വർണമാണെന്ന് ഫലം ലഭിക്കുന്ന വിധത്തിലെ മുക്കുപണ്ടമാണ് അർപ്പൺ പണയംവെച്ചിരുന്നത്. അതീവസൂക്ഷ്മതയോടെ തയ്യാറാക്കിയാലേ ഈ രീതിയിൽ ആഭരണം ലഭിക്കുകയുള്ളൂ.
അകത്ത് ചെമ്പ് നിറച്ചശേഷം പുറത്ത് സ്വർണം പൂശിയാണ് മുക്കുപണ്ടം തയ്യാറാക്കിയിരിക്കുന്നത്. സാധാരണ സ്വർണാഭരണങ്ങളെക്കാൾ ഭാരം തോന്നിക്കുമെന്നതുമാത്രമാണ് ഇതു തിരിച്ചറിയാനുള്ള മാർഗം. വിദഗ്ധരായ സ്വർണപ്പണിക്കാർക്കുമാത്രമേ തട്ടിപ്പ് തിരിച്ചറിയാൻ കഴിയുകയുള്ളൂ.
ഹരിപ്പാട്ടും സമീപ പ്രദേശങ്ങളിലും സമാനരീതിയിൽ മുക്കുപണ്ടം പണയപ്പെടുത്തി തട്ടിപ്പുനടത്തിയതായി പോലീസിനു സംശയമുണ്ട്. കൂടുതൽ ആളുകൾ മുക്കുപണ്ടത്തട്ടിപ്പിൽ കണ്ണികളായിട്ടുണ്ടെന്നുതന്നെയാണ് പോലീസ് പറയുന്നത്.
ആയാപറമ്പ് സ്വദേശിയായ ഒരാളുടെ പങ്കുകൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. അർപ്പൺ മാത്യു അലക്സിന്റെ സുഹൃത്തും നാട്ടുകാരനുമായ ദിലീഷാണ് മുക്കുപണ്ടത്തട്ടിപ്പിനെപ്പറ്റി പോലീസിനു വിവരംനൽകിയത്.
കുറ്റിയിൽ ജങ്ഷനിലെ ബാർബർ ഷോപ്പുടമയെ കുത്തിയ കേസിൽ ദിലീഷിനെ വീയപുരം പോലീസ് അറസ്റ്റുചെയ്തിരുന്നു. ചോദ്യം ചെയ്യുന്നതിനിടെയാണ് അർപ്പൺ മുക്കുപണ്ടം പണയംവെച്ചതിനെപ്പറ്റി ദിലീഷ് പറയുന്നത്. റിമാൻഡിൽ കഴിയുന്ന ദിലീഷിനെയും ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വാങ്ങാൻ കോടതിയ സമീപിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്.
#Mukkupandam #who #over #inspection #equipment #Suspicion #fraud #more #institutions #investigation #underway
