ന്യൂഡൽഹി : (truevisionnews.com) ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽനിന്നു പണം കണ്ടെത്തിയതു സംബന്ധിച്ച അന്വേഷണ റിപ്പോർട്ടും അനുബന്ധ രേഖകളും സുപ്രീം കോടതി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

ആരോപണത്തിൽ കഴമ്പുണ്ടെന്നും ആഴത്തിലുള്ള അന്വേഷണം ആവശ്യമെന്നും റിപ്പോർട്ടിൽ പറയുന്നു. ജഡ്ജിയുടെ വീട്ടിൽനിന്നു കണ്ടെത്തിയ കത്തിക്കരിഞ്ഞ നോട്ടുകളുടെ ചിത്രവും റിപ്പോർട്ടിലുണ്ട്. സ്റ്റോർ റൂമിൽ നിന്നു കണ്ടെത്തിയ നോട്ടുകെട്ടുകൾ കത്തിയ നിലയിലാണ്.
ആരോപണം നിഷേധിച്ചുകൊണ്ടുള്ള ജസ്റ്റിസ് വർമയുടെ മറുപടിയും റിപ്പോർട്ടിലുണ്ട്. 15 കോടിയോളം രൂപയുടെ നോട്ടുകളാണ് കണ്ടെത്തിയതെന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
ജസ്റ്റിസ് യശ്വന്ത് വർമയുടെ വസതിയോടു ചേർന്നുള്ള സ്റ്റോർ റൂമിൽനിന്നു നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവം പഞ്ചാബ്–ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീൽ നാഗു, ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്.സന്ധാവാലിയ, മലയാളിയും കർണാടക ഹൈക്കോടതി ജഡ്ജിയുമായ അനു ശിവരാമൻ എന്നിവരുടെ സമിതി അന്വേഷിക്കും.
ജസ്റ്റിസ് വർമയെ ജുഡീഷ്യൽ ജോലികളിൽനിന്ന് മാറ്റിനിർത്താൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നിർദേശിച്ചു. ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ.ഉപാധ്യായയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടികൾ.
അതേസമയം, ജഡ്ജിയുടെ വീട്ടിൽനിന്ന് പണം കണ്ടെത്തിയില്ലെന്നു കഴിഞ്ഞ ദിവസം പറഞ്ഞ ഡൽഹി അഗ്നിശമനസേനാ മേധാവി അതുൽ ഗാർഗ് അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ശനിയാഴ്ച നിലപാടു മാറ്റി.
ഡൽഹി ഹൈക്കോടതിയിലെ മുതിർന്ന രണ്ടാമത്തെ ജഡ്ജിയായ വർമയുടെ വസതിയിൽ നിന്നു പണം കണ്ടെത്തിയെന്ന വാർത്തകൾ വെള്ളിയാഴ്ചയാണു പുറത്തുവന്നത്. വീട്ടിൽ നിന്നു പണം കണ്ടെത്തിയെന്ന് സ്ഥിരീകരിക്കപ്പെട്ടതോടെ ജസ്റ്റിസ് യശ്വന്ത് വർമയ്ക്ക് കുരുക്ക് മുറുകി.
#Supreme #Court #releases #footage #burnt #currency #notes #found #judge's #house
