( www.truevisionnews.com ) പാകിസ്താൻ ഭീകരവാദികളുടെ കേന്ദ്രങ്ങൾ തകർത്ത ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത ജാഗ്രതയില്‍. 27 വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു. 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി.അടിയന്തര സാഹചര്യം മനസിലാക്കി പല വിമാനത്താവളങ്ങളുടെയും പ്രവർത്തനം വ്യോമസേനാ ഏറ്റെടുത്തിരിക്കുകയാണ്.

പാകിസ്താനുമായി അതിർത്തി പങ്കിടുന്ന വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളും വ്യോമസേനാ ഏറ്റെടുത്തിട്ടുണ്ട്. പാകിസ്താൻ പ്രകോപനം ഉണ്ടായാൽ തിരിച്ചടിക്കണമെന്നുള്ള നിർദേശമാണ് സേനയ്ക്ക് ലഭിച്ചിരിക്കുന്നത്. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി അമൃത്‌സര്‍ വിമാനത്താവളം പൂര്‍ണമായും അനിശ്ചിത കാലത്തേക്ക് അടച്ചതായി പൊലീസ് അറിയിച്ചെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ഇനിയൊരു അറിയിപ്പുണ്ടാകും വരെ അമൃത്‌സര്‍ വിമാനത്താവളത്തില്‍ നിന്ന് വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കില്ല. രാജസ്ഥാനിലും അതീവ ജാഗ്രതയാണ്. കിഷൻഗഡ്, ജോധ്പൂർ വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങൾ ഈ മാസം 10 വരെ നിർത്തിവെച്ചു. ബിക്കാനീർ, ജയ്സാൽമീർ, കിഷൻഗഡ്, ജോധ്പൂർ എന്നിവയുൾപ്പെടെ വിവിധ പ്രദേശങ്ങളിലെ സ്കൂളുകൾ അടച്ചു.
അതേസമയം, ലാഹോറിലെ വാൾട്ടൺ വിമാനത്താവളത്തിന് സമീപം സ്ഫോടനം നടന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കറാച്ചി, സിയാൽകോട്ട്, ലാഹോർ വിമാനത്താവളങ്ങളിലെ വിമാന സർവീസുകൾ പാകിസ്താൻ താൽക്കാലികമായി നിർത്തിവച്ചു.ഗോപാൽ നഗർ, നസീറാബാദ് പ്രദേശങ്ങളിൽ ഒന്നിലധികം സ്ഫോടനങ്ങൾ നടന്നു. പ്രദേശത്ത് അപായ സൈറൺ മുഴങ്ങിയതായും ഉഗ്ര ശബ്ദവും പുകയും ഉയർന്നതായി പ്രദേശവാസികൾ പറയുന്നു.
അടിയന്തര സാഹചര്യം നേരിടാനായി പഞ്ചാബ് പൊലീസ് എല്ലാ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും അവധികൾ റദ്ദാക്കി. ചണ്ഡിഗണ്ഡിൽ എല്ലാ മെഡിക്കൽ ഓഫീസർമാരുടെയും ജീവനക്കാരുടെയും അവധികൾ റദ്ദാക്കി.അടിയന്തര സേവനത്തിനായി 24/7 തയ്യാറായിരിക്കണമെന്നാണ് നിർദേശം.
നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ അച്ചടക്കം നടപടി സ്വീകരിക്കും.
High alert airports closed more than four hundred flights canceled
