തൃശൂര്‍ : ( www.truevisionnews.com) പെരുമ്പിലാവില്‍ യുവാവിനെ കുത്തിക്കൊന്നത് ഭാര്യയുടെ കണ്‍മുന്നില്‍. രാത്രി എട്ടരയോടെ കൊല്ലപ്പെട്ട അക്ഷയ്‌യും ഭാര്യയും സുഹൃത്തായ ലിഷോയുടെ വീട്ടിലേക്ക് വരികയായിരുന്നു.

ഈ സമയത്താണ് ലിഷോയിയും സുഹൃത്തായ ബാദുഷയും ചേര്‍ന്ന് അക്ഷയ്‌യെ ആക്രമിച്ചത്. അക്ഷയ് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബാദുഷയ്ക്ക് പരുക്കേറ്റത്.
അക്രമം കണ്ടു നില്‍ക്കാനാവാതെ അക്ഷയ്‌യുടെ ഭാര്യ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ഇവര്‍ പറഞ്ഞതനുസരിച്ചാണ് നാട്ടുകാര്‍ സംഭവമറിയുന്നത്.
മരത്തംകോട് സ്വദേശിയാണ് കൊല്ലപ്പെട്ട അക്ഷയ് കൂത്തന്‍. ഒരാഴ്ച മുമ്പ് ജയിലില്‍ നിന്നിറങ്ങിയ ചങ്ങരംകുളം സ്വദേശി ലിഷോയ്, സുഹൃത്ത് ബാദുഷ എന്നിവരാണ് കൊലപാതകം നടത്തിയത്.
ലഹരി കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണമായി പറയുന്നത്. പെരുമ്പിലാവ് ആല്‍ത്തറ നാല് സെന്റ് കോളനിയില്‍ ആയിരുന്നു സംഭവം. തര്‍ക്കത്തിനിടെ മൂവരും ചേരി തിരിഞ്ഞു ആക്രമിക്കുകയായിരുന്നു.
മരണപ്പെട്ട അക്ഷയ്‌യുടെ മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പരുക്കേറ്റ ബാദുഷയെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് പൊലീസ് പറഞ്ഞു. മുഖ്യപ്രതി ലിഷോയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി.
#drug #mafia #gang #hacks #youth #death #thrissur
