Mar 17, 2025 08:02 PM

( www.truevisionnews.com) കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായുള്ള കേരള ഹൗസിലെ കൂടിക്കാഴ്ചയ്ക്ക് ഗവർണർ പാലമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ധനമന്ത്രിയുമായുള്ള ബ്രേക്ഫാസ്റ്റ് മീറ്റിങ്ങിലേക്ക് ഗവർണറെ താനാണ് ക്ഷണിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൂടിക്കാഴ്ചയിൽ എന്താണ് ചർച്ച ചെയ്തതെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയണമെന്ന രമേശ് ചെന്നിത്തലയുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

ഈ മാസം 10 ന് ഡൽഹിയിലെ കേരള ഹൗസിലായിരുന്നു ധനമന്ത്രി നിർമലാ സീതാരാമനുമായുള്ള മുഖ്യമന്ത്രിയുടെ ബ്രേക്ക് ഫാസ്റ്റ് മീറ്റിങ്ങ്. ഗവർണർ രാജേന്ദ്ര അർലേക്കറും മീറ്റിങ്ങിൽ പങ്കെടുത്തിരുന്നു.

കോർപ്പറേറ്റ് കാര്യമന്ത്രാലയത്തിന്റെ കൂടി ചുമതലയുള്ള ധനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയെ അനൗദ്യോഗികം എന്ന് പറയാൻ ആവില്ല. എന്താണ് ചർച്ച ചെയ്തതെന്ന് കേരളത്തിലെ ജനങ്ങളോട് തുറന്നുപറയണമെന്ന് ആയിരുന്നു രമേശ് ചെന്നിത്തലയുടെ ആവശ്യം.

ഗവർണറുടെ വിരുന്നിൽ പങ്കെടുക്കാനിടയായ സാഹചര്യം വിശദീകരിച്ചു കൊണ്ടാണ് മുഖ്യമന്ത്രിയും മറുപടി നൽകിയത്. പാർട്ടി യോഗത്തിന് ഡൽഹിക്ക് തിരിച്ച താനും ഗവർണറും ഒരേ വിമാനത്തിലാണ് പോയത്.

എംപിമാർക്ക് ഗവർണർ ഒരുക്കിയ വിരുന്നിൽ തന്നെയും ക്ഷണിച്ചു. അപ്പോൾ ധനമന്ത്രിയുടെ ബ്രേക്ക്ഫാസ്റ്റ് മീറ്റിംഗിലേക്ക് ഗവർണറെ താനും ക്ഷണിച്ചുവെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

ബിജെപി സർക്കാരിനോടുള്ള നിലപാടിൽ വെള്ളം ചേർത്തന്ന ചെന്നിത്തലയുടെ വിമർശനത്തിനും മുഖ്യമന്ത്രി മറുപടി നൽകി. ഓരോ സാഹചര്യത്തെയും അപഗ്രഥിച്ചാണ് സിപിഐഎം വിലയിരുത്തൽ നടത്തുന്നത്.

രാഷ്ട്രീയ നെറികേട് കാണിക്കുന്നവരല്ല സിപിഐഎം. ഛിദ്ര ശക്തികൾ തലപൊക്കാത്തതും വർഗീയ ശക്തികൾ കൽപ്പിക്കാൻ ധൈര്യപ്പെടാത്തതുമായ ഭരണത്തിന് ആത്മധൈര്യം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോപണത്തിന്റെ കരിമ്പുക ഉയർത്തി പ്രതിപക്ഷം സർക്കാരിന് അവഹേളിക്കുകയാണെന്നും ഇനിയെങ്കിലും തെറ്റ് തിരുത്തി മാപ്പ് പറയാൻ അവർ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.




#'Governor #has #not #been #bridge #for #meeting #NirmalaSitharaman #ChiefMinister

Next TV

Top Stories