കൊല്ലം : ( www.truevisionnews.com ) ഉളിയക്കോവിലിൽ വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നത് കൃത്യമായ ആസൂത്രണത്തോടെ. കൊല്ലം ഫാത്തിമ മാതാ കോളജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർഥി ഫെബിൻ ജോർജ് ഗോമസിനെ നീണ്ടകര സ്വദേശിയായ തേജസ് രാജു (22) ആണ് കുത്തിക്കൊലപ്പെടുത്തിയത്.

തിങ്കളാഴ്ച വൈകിട്ട് 6.48ഓടെയാണ് വെളുത്ത വാഗൺ – ആർ കാറിൽ ഫെബിന്റെ വീട്ടിൽ തേജസ് എത്തിയത്. കയ്യിൽ കത്തി കരുതിയിരുന്ന തേജസ്, ബുർഖ ധരിച്ച ശേഷം വീട്ടുമുറ്റത്തേയ്ക്കു കയറി. രണ്ടു കുപ്പി പെട്രോളും തേജസ് കയ്യിൽ കരുതിയിരുന്നു.
ഫെബിന്റെ ദേഹത്തേക്ക് പെട്രോൾ ഒഴിക്കാനാണ് തേജസ് ആദ്യം ശ്രമിച്ചതെന്നു നാട്ടുകാർ പറയുന്നു. എന്നാൽ ഇതിനിടെ ഫെബിന്റെ പിതാവ് പുറത്തേയ്ക്കു ഇറങ്ങിയതോടെ പദ്ധതി മാറി.
കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഫെബിനെ നെഞ്ചിൽ കുത്തിവീഴ്ത്തി. തടയാൻ ശ്രമിച്ച പിതാവ് ജോർജ് ഗോമസിനും അക്രമണത്തിൽ പരുക്കേറ്റു.
കൊലപാതകത്തിനു ശേഷം കത്തി ഉപേക്ഷിച്ച തേജസ്, കാറിൽ കയറി പ്രദേശത്തുനിന്ന് രക്ഷപ്പെട്ടു. മൂന്നു കിലോമീറ്റർ അകലെ ചെമ്മാൻമുക്ക് റെയിൽവേ ഓവർബ്രിഡ്ജിനു താഴെ വാഹനം നിർത്തിയ തേജസ് കൈ ഞരമ്പ് മുറിച്ച ശേഷം പുറത്തേക്ക് ഇറങ്ങുകയായിരുന്നു.
ഉടൻ തന്നെ ഇതുവഴി വന്ന ട്രെയിനിനു മുന്നിലേക്ക് ചാടി തേജസ് ജീവനൊടുക്കി. കാറിൽ രക്തം പടർന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
തേജസും ഫെബിനും തമ്മിൽ മുൻവൈരാഗ്യമുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിക്കുകയാണ്. പ്രതി തേജസ്, കൊല്ലം ഡിസ്ട്രിക്ട് ക്രൈം റെക്കോർഡ്സ് ബ്യൂറോ ഗ്രേഡ് എസ്ഐ രാജുവിന്റെ മകനാണ്.
#Tejas #arrived #with #2 #bottles #petrol #then #changed #his #plan #jumped #front #train #after #cutting #his #wrist
