കാഞ്ഞങ്ങാട്: (truevisionnews.com) ഹോസ്ദുർഗ് കോടതി സുവർണജൂബിലി സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെ സദസ്സിൽ ബഹളമുണ്ടാക്കിയ ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

എന്നാൽ, പൊലീസ് വാഹനത്തിന്റെ വശത്തിടിച്ച് തലക്ക് പരിക്കേറ്റ ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അജാനൂർ കാട്ടുകുളങ്ങരയിലെ എം.ബി. ബാബുവിനെതിരെയാണ് (64) ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്.
ഞായറാഴ്ച രാവിലെ ഹോസ്ദുർഗ് കോടതികെട്ടിടത്തിന് സമീപമായിരുന്നു പരിപാടി. മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ച് 10.15ഓടെ സദസ്സിന്റെ പിന്നിലിരുന്ന ബാബു ഉച്ചത്തിൽ ബഹളമുണ്ടാക്കുകയായിരുന്നു.ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തും എസ്.ഐ അഖിലും ചേർന്ന് കസേരയിൽനിന്ന് ഇയാളെ ബലംപ്രയോഗിച്ച് പരിപാടി നടക്കുന്ന സ്ഥലത്തുനിന്ന് പുറത്തെത്തിച്ചു.
സ്ഥലത്തുനിന്ന് പോകാൻ ആവശ്യപ്പെട്ടെങ്കിലും തയാറാകാതെ വീണ്ടും ബഹളമുണ്ടാക്കി. മുഖ്യമന്ത്രിയുടെ പരിപാടിക്ക് തടസ്സമുണ്ടാകുമെന്നായതോടെ ബാബുവിനെ ഹോസ്ദുർഗ് സ്റ്റേഷന്റെ പൊലീസ് ജീപ്പിൽ ബലംപ്രയോഗിച്ച് കയറ്റാൻ ശ്രമിക്കുകയും കുതറിമാറാൻ ശ്രമിച്ചപ്പോൾ പൊലീസ് ജീപ്പിന്റെ വശത്ത് തലയിടിക്കുകയുമായിരുന്നു.
ചോര വാർന്നതിനെ തുടർന്ന് പൊലീസ് ജില്ല ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. തുടർന്ന് മകനെ വിളിച്ചുവരുത്തി ഇയാളെ വിട്ടയച്ചു.
#man #who #created #ruckus #audience #during #Chief #Minister's #speech #custody
