Feb 12, 2025 09:02 AM

കോഴിക്കോട്: ( www.truevisionnews.com ) മുസ്‌ലിം സമുദായം ഒരിക്കലും സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്നും പല ഓഫിസുകളിലും അപേക്ഷ കൊടുത്താൽ മുസ്‌ലിമാണെങ്കിൽ അത് മാറ്റിവെക്കുന്ന അവസ്ഥ ഇപ്പോഴുമുണ്ടെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ.

അങ്ങനെ ഞെരുക്കിയതുകൊണ്ട് സമുദായം ഇസ്‌ലാമിൽനിന്ന് മടങ്ങാൻപോവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സമസ്ത സെന്റിനറിയുടെ ഭാഗമായി കേരള മുസ്‍ലിം ജമാഅത്ത് നടപ്പാക്കുന്ന പദ്ധതികളുടെ പ്രഖ്യാപനം കോഴിക്കോട് കടപ്പുറത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മുസ്‌ലിം സമുദായത്തെ ഭൂമിയിൽ തുടച്ചുനീക്കാൻ അമേരിക്ക അടക്കം ശ്രമിക്കുന്നു. മുസ്‍ലിംകൾ ഗസ്സ വിട്ടുപോകണമെന്നാണ് അമേരിക്കൻ പ്രസിഡന്‍റ് പറയുന്നത്.

വിലകൊടുത്ത് വാങ്ങാൻ ഗസ്സ റിയൽ എസ്റ്റേറ്റ് ഭൂമിയല്ലെന്നും ഗസ്സ ഉൾപ്പെടുന്ന സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കാൻ ഇന്ത്യ അടക്കമുള്ള രാഷ്ട്രങ്ങൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബൈത്തുസ്സകാത് എന്ന സംഘടിത സകാത് ഇസ്‍ലാമിന്‍റെ പഞ്ച സ്തംഭങ്ങളിലൊന്നായ സകാത്തിനെ നശിപ്പിക്കാനുള്ള നീക്കമാണെന്ന് കാന്തപുരം ആരോപിച്ചു. ഇസ്‍ലാമിന്‍റെ പഞ്ചസ്തംഭങ്ങളായ നിസ്കാരത്തെയും നോമ്പിനെയും മാറ്റിമറിച്ചു.

അവസാനം സകാത് എന്ന നിർബന്ധ കർമം മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. അതുകൂടി നശിപ്പിക്കാനാണ് ബൈത്തുസ്സക്കാത് ഫണ്ട് രൂപീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിവിധ ജില്ലകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട പതിനയ്യായിരം പ്രതിനിധികൾ പ്രഖ്യാപന സമ്മേളനത്തില്‍ പങ്കെടുത്തു.‍ സമസ്ത പ്രസിഡന്‍റ് ഇ. സുലൈമാന്‍ മുസ്‍ലിയാര്‍ അധ്യക്ഷതവഹിച്ചു. അലി ബാഫഖി തങ്ങള്‍ പ്രാർഥന നടത്തി.

കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോൽ ഉദ്ഘാടനം ചെയ്തു. ഇബ്രാഹീം ഖലീലുല്‍ ബുഖാരി സന്ദേശപ്രഭാഷണം നടത്തി. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‍ലിയാര്‍, സി. മുഹമ്മദ് ഫൈസി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, എന്‍. അലി അബ്ദുല്ല, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, റഹ്മത്തുല്ല സഖാഫി എളമരം, ഇബ്രാഹീം സഖാഫി പുഴക്കാട്ടിരി സംസാരിച്ചു. വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി സ്വാഗതവും ടി.കെ. അബ്ദുറഹ്മാന്‍ ബാഖവി നന്ദിയും പറഞ്ഞു.




#gaza #is #not #piece #real #estate #bought #sold #kanthapuram

Next TV

Top Stories