Feb 10, 2025 10:55 AM

തൃശൂർ: (www.truevisionnews.com) സിപിഎം തൃശൂർ ജില്ല സമ്മേളനത്തിൽ ആഭ്യന്തര വകുപ്പിന് രൂക്ഷ വിമർശനം. പൊലീസിൽ ആർഎസ്എസ് പിടിമുറുക്കിയെന്ന് ചർച്ചയിൽ പ്രതിനിധികൾ വിമർശിച്ചു. പാർട്ടിക്കോ, സർക്കാരിനോ പൊലീസിൽ സ്വാധീനമില്ല.

തുടർച്ചയായി ഉണ്ടായ ചേലക്കരയിലെ സ്ഥാനാർത്ഥി മാറ്റത്തിലും പ്രകടനപത്രികയിൽ പ്രഖ്യാപിച്ച വീട്ടമ്മമാരുടെ പെൻഷൻ നടപ്പാക്കാത്തതിലും സമ്മേളനത്തിൽ പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. സർക്കാർ ഉദ്യോഗസ്ഥരുടെ അമിതാധികാര പ്രയോഗത്തിനെതിരെയും സമ്മേളനത്തിൽ വിമർശനം ഉയർന്നു. ഉദ്യോഗസ്ഥ അമിതാധികാര പ്രയോഗം നിലനിൽക്കുന്നതിനാൽ ജനങ്ങളുടെ വിഷയങ്ങളുമായി ചെല്ലാൻ ജനപ്രതിനിധികൾക്ക് പോലും കഴിയുന്നില്ല.

കരുവന്നൂരിനു ശേഷവും പാഠം പഠിച്ചില്ല എന്നും വിമർശനമുണ്ട്. ജില്ലയിലെ മറ്റു ചില സഹകരണ ബാങ്കുകളിലും ക്രമക്കേട് നടന്നു. ജില്ലാ കമ്മിറ്റിയുടെ ജാഗ്രത കുറവാണ്. വരുന്ന പരാതികൾ പരിഗണിക്കാതെ വെച്ചു താമസിപ്പിക്കുകയായിരുന്നു ജില്ലാ കമ്മിറ്റി വിമർശനം ഉന്നയിച്ചു.

അതേസമയം, സിപിഎം തൃശൂർ ജില്ലാ സമേളനത്തിലെ ചർച്ച ഇന്നും തുടരും. പാർലമെൻറ് തിരഞ്ഞെടുപ്പിലെ തോൽവി, കരുവന്നൂർ തട്ടിപ്പ്, ഏരിയാ തെരഞ്ഞെടുപ്പുകളിലെ വിഭാഗീയ പ്രവർത്തനങ്ങൾ എന്നിവയിൽ വിമർശനം ഉണ്ടായേക്കും.

പുതിയ ജില്ലാ സെക്രട്ടറിയെ നാളെ തിരഞ്ഞെടുക്കും. ജില്ലാ സെക്രട്ടറി സ്ഥാനത്ത് മാറ്റം ഉണ്ടായേക്കും. മുൻ എംഎൽഎ അബ്ദുൽ ഖാദർ, മുതിർന്ന നേതാവ് യു.പി ജോസഫ് എന്നിവരാണ് പരിഗണനയിൽ. പൊതുസമ്മേളനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

#RSS #grip #police #CPM #Thrissur #districtconference #severely #criticized #home #department

Next TV

Top Stories










//Truevisionall