കോഴിക്കോട് : (www.truevisionnews.com) സി.പി.ഐ(എം) ജില്ലാസമ്മേളനവുമായി ബന്ധപ്പെട്ട് ചില മുഖ്യധാരാ മാധ്യമങ്ങളിലും അതേറ്റുപിടിച്ച് സാമൂഹ്യമാധ്യമങ്ങളിലും നടക്കുന്ന പാര്‍ട്ടിവിരുദ്ധ പ്രചരണങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും യാതൊരുവിധ അടിസ്ഥാനവുമില്ലാത്ത ഇത്തരം പ്രചാരണങ്ങളെ തള്ളിക്കളയണമെന്നും സി.പി.ഐ(എം) ജില്ലാകമ്മറ്റി ഒരു പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.

പാര്‍ട്ടിയില്‍ വിഭാഗീയതയും നേതാക്കളുടെ പക്ഷം പിടിച്ചുള്ള മത്സരവുമാണെന്നൊക്കെയാണ്, ചില പരമ്പരാഗത കമ്യൂണിസ്റ്റ് വിരുദ്ധ പത്രങ്ങളും ചാനലുകളും, തങ്ങളുടെ ലേഖകന്‍മാരുടെയും റിപ്പോര്‍ട്ടര്‍മാരുടെയും തോന്നലുകളും ഊഹങ്ങളും വെച്ച് വാര്‍ത്തയാക്കി കൊടുത്തുകൊണ്ടിരിക്കുന്നത്.
സി.പി.ഐ(എം) പോലൊരു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളന നടപടിക്രമമനുസരിച്ച് സമ്മേളന പ്രതിനിധികളാണ് കമ്മറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. വടകരയില്‍ നടന്ന സമ്മേളനം അംഗീകരിച്ച 47 പേരുടെ പാനല്‍ പി.കെ.ദിവാകരന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള പ്രതിനിധികള്‍ അംഗീകരിച്ചതാണ്.
തന്നെ പാനലില്‍ ഉള്‍പ്പെടുത്തിയില്ല എന്ന നിലയിലുള്ള വിവാദങ്ങളെ ഉയര്‍ന്ന കമ്യൂണിസ്റ്റ് സംഘടനാബോധത്തോടെ പി.കെ.ദിവാകരന്‍ മാസ്റ്റര്‍ തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട് എന്നകാര്യം മാധ്യമങ്ങള്‍ക്കും അറിയാവുന്നതാണല്ലോ.
അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ രീതിയില്‍ യാതൊരുവിധ വസ്തുതാബന്ധവുമില്ലാത്ത ആരോപണങ്ങളാണ് മനോരമയും മാതൃഭൂമിയുമെല്ലാം അടിച്ചുവിടുന്നത്. നിയമനകോഴയില്‍ പങ്കുള്ളതുകൊണ്ടാണ് മുന്‍ എന്‍.ജി.ഒ യൂണിയന്‍ നേതാവിനെ ജില്ലാകമ്മറ്റിയില്‍ നിന്ന് ഒഴിവാക്കിയതെന്ന അടിസ്ഥാനമില്ലാത്ത ആരോപണമാണ് ഈ പത്രങ്ങള്‍ എഴുതിവിട്ടത്.
ജില്ലാകമ്മറ്റി നിയോഗിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പ്രമോദ് കോട്ടൂളിക്കെതിരെ ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചത്. ഇതില്‍ മുന്‍ എന്‍.ജി.ഒ യൂണിയന്‍ നേതാവിന് യാതൊരു ബന്ധവുമില്ല എന്നകാര്യം അറിയാത്തവരല്ല കോഴിക്കോട്ടെ പത്രക്കാര്‍. ചില നിക്ഷിപ്തതാല്‍പര്യങ്ങളില്‍ നിന്ന് പാര്‍ട്ടിക്കെതിരായി ഇത്തരം നുണ വാര്‍ത്തകള്‍ പടച്ചുവിടുന്നതിലെ മാധ്യമധര്‍മ്മത്തെക്കുറിച്ച് ഇത്തരം ലേഖകര്‍ ആലോചിക്കണമെന്നും പ്രസ്താവന പറയുന്നു.
മറ്റ് ബൂര്‍ഷ്വാ പാര്‍ടികള്‍ക്കൊന്നും ചിന്തിക്കാന്‍പോലും കഴിയാത്ത ആശയരൂപീകരണത്തിന്‍റെയും സംഘടനാക്രമീകരണത്തിന്‍റെയും ജനാധിപത്യപ്രക്രിയയാണ് സി.പി.ഐ(എം) പോലുള്ള പാര്‍ട്ടികള്‍ സമ്മേളനങ്ങളിലൂടെ കൃത്യമായി നടത്തിവരുന്നത്. ഇതില്‍ അസ്വസ്ഥരായ മാധ്യമങ്ങളും പാര്‍ട്ടി ശത്രുക്കളുമാണ് അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് വിവാദങ്ങള്‍ സൃഷ്ടിച്ച് പാര്‍ട്ടിയെ താറടിച്ചുകാണിക്കാന്‍ തുടര്‍ച്ചയായി ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ജില്ലാ സെക്രട്ടറി എം മെഹബൂബ് പ്രസ്താവനയിൽ പറഞ്ഞു.
#party #reply #vigilant #against #antiparty #propaganda #CPIM
