വാഷിങ്ടൺ: (truevisionnews.com) യുഎസിൽ വിമാനം പറന്നുയരാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ തീ കണ്ടത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. വിമാനത്തിന്റെ ചിറകിൽ തീയും പുകയും കണ്ടതാണ് പരിഭ്രാന്തിക്കിടയാക്കിയത്.

ഹൂസ്റ്റണിലെ ജോർജ് ബുഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. ഹൂസ്റ്റണിൽ നിന്ന് ന്യൂയോർക്കിലേക്ക് പോവുകയായിരുന്ന വിമാനം പറന്നുയരാനായി റൺവേയിൽ നിർത്തിയിരിക്കുകയായിരുന്നു.
ഈ സമയത്താണ് വിമാനത്തിന്റെ ഒരു ചിറകിൽ തീയും പുകയും ശ്രദ്ധയിൽപ്പെട്ടത്. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ ഒരു യാത്രക്കാരൻ പരിഭ്രാന്തിയോടെ എത്രയും വേഗം തങ്ങളെ വിമാനത്തിൽ നിന്ന് ഇറക്കാൻ ആവശ്യപ്പെടുന്നതും കാണാം.
https://twitter.com/i/status/1886094410452009448
പറന്നുയരുന്നതിന് തൊട്ടുമുൻപാണ് എൻജിനുകളിൽ ഒന്നിന് തീപിടിച്ചെന്ന വിവരം ക്രൂവിന് ലഭിക്കുന്നതെന്നും റൺവേയിൽ ഇരിക്കെത്തന്നെ ഉടൻ ടേക്ക് ഓഫ് നിർത്തിയെന്നും എയർലൈൻ കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
104 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ സുരക്ഷിതമായി പുറത്തിറക്കിയെന്നും ആർക്കും പരിക്കുകളില്ലെന്നും അന്തർദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇവർക്ക് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള മറ്റൊരു വിമാനം യാത്രയ്ക്കായി സജ്ജമാക്കി.
#Just #seconds #to #fly #fire #plane #caused #panic
